ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനും മക്കളായ ഹ്രേഹാനും ഹ്രിധാനും ചേർന്ന് അവതരിപ്പിച്ച നൃത്തം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. കസിനായ ഇഷാൻ റോഷന്റെ വിവാഹാഘോഷത്തിനിടെയാണ് മൂവരും വേദിയിലെത്തി ഊർജ്ജസ്വലമായ ഡാൻസിലൂടെ സദസിനെ മുഴുവൻ ആവേശത്തിലാഴ്ത്തിയത്. ഈ ആഘോഷ നിമിഷങ്ങളുടെ വിഡിയോ ഇതിനകം തന്നെ ഇന്റർനെറ്റിൽ വൈറലായി മാറിക്കഴിഞ്ഞു.

ഹൃതിക്കും മക്കൾക്കും പുറമെ ഹൃതികിന്റെ കാമുകിയായ സബ ആസാദ്, മരുമകൾ സുരാനിക സോണി, കസിനായ പശ്മിന റോഷൻ എന്നിവരും വിഡിയോയിൽ ദൃശ്യങ്ങളിലുണ്ട്. 1999-ൽ പുറത്തിറങ്ങിയ പ്രശസ്ത ഗാനമായ ‘ഇഷ്ക് തേരാ തദ്പാവേ’യ്ക്കാണ് സംഘം ഒന്നിച്ച് ചുവടുവച്ചത്. എന്നാൽ ഹൃതികിന്റെയും മക്കളുടെയും ചുവടുകളാണ് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.

ഹൃതിക് റോഷന്റെ നൃത്ത പാരമ്പര്യം മക്കൾക്കും ലഭിച്ചിട്ടുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. കസിന്റെ വിവാഹ ആഘോഷം തന്നെ ഹൃതിക്കും മക്കളും സ്വന്തമാക്കിയെന്നാണ് പലരുടെയും പ്രതികരണം. അനവധി ആരാധകരാണ് ഈ വിഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷെയർ ചെയ്യുന്നത്.

ജൂനിയർ എൻടിആറും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘വാർ 2’ എന്ന ചിത്രത്തിലാണ് ഹൃതിക് റോഷൻ അവസാനമായി അഭിനയിച്ചത്.