മലയാളം റാപ്പ് ഗാനമായ ‘കിഴക്കു സൂര്യനുദിച്ചല്ലോ’ ജപ്പാനിലും തരംഗമാകുകയാണ്. ജപ്പാനിൽ നിന്നുള്ള ഒരു സംഘം യുവാക്കൾ ഈ ഗാനത്തിന് മനോഹരമായി നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടുന്നു. ഗാനത്തിന്റെ താളത്തിനും വൈബിനും ഒത്തുചേരുന്ന ചുവടുകളാണ് വിഡിയോയുടെ പ്രത്യേകത.
‘കാക്കെ ടാകു’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ഡാൻസ് വിഡിയോ പങ്കുവച്ചത്. മനോഹരമായ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ അവതരണം ഇതിനകം തന്നെ ഒരു ദശലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. വിഡിയോ വൈറലായതോടെ കമന്റ് സെക്ഷൻ മലയാളികളുടെ അഭിനന്ദനങ്ങളാലും സന്തോഷ പ്രകടനങ്ങളാലും നിറഞ്ഞിരിക്കുകയാണ്.
ഈ ഗാനം ഒരുക്കിയ റാപ്പർ ഫെജോയും വിഡിയോയ്ക്ക് പ്രതികരിച്ചിട്ടുണ്ട്. “ജപ്പാനിലേക്കും നമ്മുടെ പാട്ടുകൾ എക്സ്പോർട്ട് ചെയ്യാൻ തുടങ്ങിയല്ലോ” എന്നാണ് അദ്ദേഹം കമന്റായി കുറിച്ചത്. ആരാധകരും രസകരമായ കമന്റുകളുമായി രംഗത്തെത്തി. “ഡാൻസ് മെയ്ഡ് ഇൻ ജപ്പാൻ, സോങ് മെയ്ഡ് ഇൻ കേരള”, “ഇപ്പോഴാണ് ഈ പാട്ടിന് ഏറ്റവും പറ്റിയ റീൽ കാണുന്നത്” എന്നിങ്ങനെ നിരവധി അഭിപ്രായങ്ങളാണ് എത്തുന്നത്.
ഈ വർഷത്തെ ക്രിസ്മസ് റീലുകളിൽ ഏറ്റവുമധികം കേൾക്കപ്പെട്ട വരികളിലൊന്നായി ‘കിഴക്കു സൂര്യനുദിച്ചല്ലോ’ മാറിയിട്ടുണ്ട്. സെലിബ്രിറ്റികളെയും സാധാരണക്കാരെയും ഒരുപോലെ ആകർഷിച്ച ഈ ഗാനത്തിന് ഒപ്പം അനേകം പേർ റീലുകൾ പങ്കുവച്ചിരുന്നു. ഫെജോയുടെ പുതിയ റാപ്പ് ഗാനമായ ‘വഴികാട്ടി’ യിലൂടെയാണ് ഈ വരികൾ വീണ്ടും ട്രെൻഡിങ്ങാകുന്നത്.
വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ‘സഞ്ചാരി’ എന്ന ക്രിസ്തീയ ആൽബത്തിലേതാണ് ഈ ഗാനം. അന്ന് ഈ ഗാനം ആലപിച്ചത് അരൂർ എംഎൽഎ ദലീമ ജോജോ ആയിരുന്നു. ഫെജോയുടെ ഗാനത്തിൽ ‘കിഴക്കു സൂര്യനുദിച്ചല്ലോ’ എന്ന ഭാഗത്ത് എംഎൽഎയുടെ ആ പഴയ ശബ്ദം തന്നെ ഉപയോഗിച്ചിരിക്കുന്നതും ഗാനത്തിന് പ്രത്യേകമായൊരു ഭാവം നൽകുന്നു.