ഉത്തർപ്രദേശിലെ ഡൽഹി–ലഖ്‌നൗ ദേശീയപാതയിൽ അപകടം ക്ഷണിച്ചുവരുത്തുന്ന യുവാവിന്റെ സ്റ്റണ്ട് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഹാപൂർ മേഖലയിലെ ദേശീയപാതയ്ക്ക് മുകളിലൂടെയുള്ള റെയിൽവേ പാലത്തിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടന്ന് യുവാവ് ചിന്‍–അപ്പുകൾ ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയാണ് ഇയാൾ അത്യന്തം അപകടകരമായ ഈ അഭ്യാസം നടത്തിയിരിക്കുന്നത്.

പാലത്തിനടിയിൽ വാഹനങ്ങൾ അതിവേഗത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് യുവാവ് ഉയർന്ന പാലത്തിൽ നിന്ന് തൂങ്ങി സ്റ്റണ്ട് ചെയ്യുന്നത്. റീൽസ് ചിത്രീകരിക്കുന്നതിനായാണ് ഈ സാഹസിക പ്രവൃത്തി നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.

സംഭവത്തിൽ ഉൾപ്പെട്ട യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി ഹാപൂർ പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്തിയ ശേഷം നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വൈറലായ വിഡിയോയിൽ, ദേശീയപാതയ്ക്ക് മുകളിലുള്ള റെയിൽവേ പാലത്തിൽ നിന്ന് യുവാവ് തൂങ്ങിക്കിടക്കുന്നതും ചിന്‍–അപ്പുകൾ ചെയ്യുന്നതും വ്യക്തമായി കാണാം.

ഇതേ യുവാവിന്റെ മറ്റുചില അപകടകരമായ ദൃശ്യങ്ങളും ഇതിനകം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിക്കൊപ്പം റെയിൽവേ ട്രാക്കിലൂടെ ഓടുന്നതും, ട്രാക്കിന് മുകളിൽ പുഷ്–അപ്പുകൾ എടുക്കുന്നതും ചാടുന്നതുമെല്ലാം ഉൾപ്പെട്ട വിഡിയോകൾ വൈറലായിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഉത്തർപ്രദേശിലെ പിൽഖുവ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുള്ളതാണെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം, മാസങ്ങൾക്ക് മുമ്പ് ഹാപൂരിൽ ബാഗ്പത്തിനടുത്തുള്ള എൻഎച്ച്–9ൽ ഓടുന്ന എസ്‌യുവിയിൽ അപകടകരമായ സ്റ്റണ്ട് നടത്തിയതിന് ഇതേ യുവാവ് അറസ്റ്റിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ, സ്കോർപിയോ വാഹനത്തിന്റെ രണ്ട് വാതിലുകളും തുറന്ന നിലയിൽ ഇയാൾ വാഹനം ഓടിക്കുന്നതും, സ്റ്റിയറിങ് വിട്ട് ബോണറ്റിൽ കയറി നിൽക്കുന്നതും കാണാമായിരുന്നു. ഒരുഘട്ടത്തിൽ ബോണറ്റിൽ ഇരിക്കുകയും പിന്നീട് വിൻഡ്‌ഷീൽഡിൽ ചാരി നിന്ന് റൂഫിലേക്ക് കയറി നിൽക്കുകയും ചെയ്തിരുന്നു.

അതിരുകടന്ന ഇത്തരം സാഹസിക പ്രവൃത്തികൾ ഗുരുതര അപകടങ്ങൾക്ക് വഴിവയ്ക്കുമെന്നും, നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.