കന്നട സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളിൽ ഒരാളാണ് കിച്ച സുദീപ്. എന്നാൽ മറ്റ് ഭാഷകളിലെ പ്രേക്ഷകർക്ക് അദ്ദേഹം കൂടുതലായി പരിചിതനായത് ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെയാണ്. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ‘ഈച്ച’ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് അന്യഭാഷകളിലേക്കുള്ള കിച്ച സുദീപിന്റെ വഴിത്തിരിവായത്. തുടർന്ന് തമിഴിലും ഹിന്ദിയിലും നിരവധി ശ്രദ്ധേയ വില്ലൻ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.

ഭാഷ ഒരു തടസ്സമല്ലെന്നും, നല്ല കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ ഏത് ഭാഷയിലും അഭിനയിക്കാൻ തനിക്ക് താൽപര്യമുണ്ടെന്നും കിച്ച സുദീപ് പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. വില്ലൻ വേഷങ്ങളോടാണ് തനിക്ക് പ്രത്യേക ഇഷ്ടമെന്നും താരം പറയുന്നു.

ഇതിനിടെ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ, തന്റെ ജീവിതത്തിലെ ഒരു വലിയ മാറ്റത്തെക്കുറിച്ച് കിച്ച സുദീപ് തുറന്നു സംസാരിക്കുകയായിരുന്നു. പുകവലി പൂർണ്ണമായി ഉപേക്ഷിച്ചതിന്റെ പിന്നിലെ സംഭവങ്ങളാണ് താരം പങ്കുവെച്ചത്.

വളരെ വൈകിയാണ് താൻ പുകവലി തുടങ്ങിയത് എന്നും, എന്നാൽ തുടങ്ങിയതിനു ശേഷം അത് കടുത്ത ഒരു അഡിക്ഷനായി മാറിയെന്നും കിച്ച സുദീപ് പറയുന്നു. 2007-ലാണ് ആദ്യമായി സിഗരറ്റ് വലിക്കാൻ തുടങ്ങിയത്. പിന്നീട് ദിവസം മൂന്ന് മുതൽ നാല് പാക്കറ്റ് വരെ വലിക്കുന്ന അവസ്ഥയിലേക്ക് എത്തി. ഷൂട്ടിങ് തിരക്കിനനുസരിച്ച് അളവ് കൂടിയും കുറഞ്ഞും വന്നിരുന്നെങ്കിലും, പുകവലി തന്റെ ദിനചര്യയുടെ ഭാഗമായിരുന്നു.

എന്നാൽ 2013-ലാണ് പൂർണ്ണമായും പുകവലി അവസാനിപ്പിച്ചത്. അതിന് പിന്നിൽ ഒരു പ്രത്യേക അനുഭവമുണ്ടെന്നും താരം പറയുന്നു. അന്നൊരു സിനിമയുടെ ഷൂട്ടിങ് വളരെ ദൂരെയുള്ള, സമീപത്ത് കടകളൊന്നുമില്ലാത്ത ഒരു ലൊക്കേഷനിലായിരുന്നു. അന്ന് ഷൂട്ടിങിലേക്ക് പുറപ്പെടുമ്പോൾ സിഗരറ്റ് പാക്കറ്റുകൾ എടുക്കാൻ മറന്നുപോയി. കൈവശം ഉണ്ടായിരുന്ന പാക്കറ്റിൽ രണ്ടോ മൂന്നോ സിഗരറ്റുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.

അത് തീർന്നതോടെ, സെറ്റിലുണ്ടായിരുന്നവരോട് ചോദിച്ചാണ് സിഗരറ്റ് വാങ്ങിയത്. എന്നാൽ ലഭിച്ചതൊന്നും തന്റെ പതിവ് ബ്രാൻഡല്ലായിരുന്നു. ചെറിയ ബ്രാൻഡുകളായിരുന്നെങ്കിലും കിട്ടിയത് ഉപയോഗിച്ച് അന്നത്തെ ദിവസം അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു.

ഷൂട്ടിങ് കഴിഞ്ഞ് തിരികെയെത്തിയ ശേഷം, ഒരു ഡ്രിങ്ക്‌സിനൊപ്പം തന്റെ ബ്രാൻഡ് സിഗരറ്റ് വലിക്കുമ്പോഴാണ് മനസ്സിൽ ഒരു ചിന്ത പെട്ടെന്ന് ഉദിച്ചത്. “അന്ന് താഴെ കുത്തിയ സിഗരറ്റാണ് എന്റെ അവസാനത്തേത്” എന്ന ഉറച്ച തീരുമാനത്തിലേക്ക് താരം എത്തുകയായിരുന്നു. അതിനുശേഷം കിച്ച സുദീപ് ഒരിക്കലും പുകവലിച്ചിട്ടില്ല.

രണ്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷം, സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ മാറ്റം ശ്രദ്ധിച്ചു. പുകവലി നിർത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സംഭവിച്ചത് എല്ലാം കിച്ച സുദീപ് വിശദീകരിച്ചു. അത്രയും വലിയ ശീലം ഒറ്റയടിക്ക് ഉപേക്ഷിച്ചതിൽ സുഹൃത്തുക്കൾക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.

അന്നത്തെ അനുഭവത്തിലൂടെയാണ് പുകവലി ഒരു ശീലമല്ല, മറിച്ച് അടിമത്തമാണെന്ന് തനിക്ക് മനസ്സിലായതെന്ന് താരം പറയുന്നു. എന്ത് കിട്ടിയാലും വലിക്കണം എന്ന അവസ്ഥയിലേക്ക് താൻ എത്തിച്ചേരുന്നുവെന്ന തിരിച്ചറിവാണ് പുകവലി ഉപേക്ഷിക്കാൻ കാരണമായത്. “ഞാൻ അടിമയാകില്ല, എന്നെ അടിമപ്പെടുത്താൻ ഞാൻ അനുവദിക്കില്ല” എന്ന തീരുമാനത്തിലാണ് താൻ ആ ശീലം അവസാനിപ്പിച്ചതെന്നും കിച്ച സുദീപ് വ്യക്തമാക്കി.

നടൻ കിച്ച സുദീപിനെ കുറിച്ച് കൂടുതൽ അറിയുവാൻ: കിച്ച സുദീപ്