ഇന്ത്യയുടെ ഗതാഗത മേഖലയുടെ ജീവനാഡിയായി നിലകൊള്ളുന്നതാണ് ഇന്ത്യൻ റെയിൽവേ. രാജ്യത്താകമാനം 7,200-ത്തിലധികം റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് ഓരോ ദിവസവും ലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്നത്. ഓരോ സ്റ്റേഷനും തിരിച്ചറിയപ്പെടുന്നത് അതിന്റെ പേരിലൂടെയാണ്. എന്നാൽ ഇന്ത്യയിൽ പേരില്ലാതെ പ്രവർത്തിക്കുന്ന ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടെന്നത് പലർക്കും അത്ഭുതമാകും.

പശ്ചിമ ബംഗാളിലാണ് ഈ അപൂർവ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ബങ്കുര–മസാഗ്രാം റെയിൽവേ സെക്ഷനിലാണ് ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. 2008-ലാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. ബർധമാൻ നഗരത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയായി റയ്നയും റയ്നഗറും എന്ന രണ്ടു ഗ്രാമങ്ങൾക്കിടയിലാണ് സ്റ്റേഷൻ നിർമിച്ചത്.

സ്റ്റേഷൻ നിർമ്മാണം പൂർത്തിയായതോടെ ‘റയ്നഗർ’ എന്ന പേരാണ് ഇന്ത്യൻ റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഈ പേരോടെ സ്റ്റേഷൻ ബോർഡും സ്ഥാപിച്ചു. സ്വന്തം പ്രദേശത്തിന്റെ പേരിൽ റെയിൽവേ സ്റ്റേഷൻ വന്നതോടെ റയ്നഗർ ഗ്രാമവാസികൾ സന്തോഷാഘോഷങ്ങളിൽ മുഴുകി. എന്നാൽ ഈ സന്തോഷം അധികകാലം നിലനിന്നില്ല.

അടുത്തുള്ള റയ്ന ഗ്രാമവാസികൾ എതിർപ്പുമായി രംഗത്തെത്തി. സ്റ്റേഷനും പ്ലാറ്റ്ഫോമും സ്ഥിതി ചെയ്യുന്ന ഭൂമി തങ്ങളുടെ ഗ്രാമപരിധിയിലാണെന്നാണ് അവരുടെ വാദം. അതിനാൽ സ്റ്റേഷനിന് റയ്ന എന്ന പേരിടണമെന്നും അവർ ആവശ്യപ്പെട്ടു. ഇതോടെ രണ്ടു ഗ്രാമങ്ങൾക്കിടയിൽ കടുത്ത തർക്കം രൂപപ്പെട്ടു.

പ്രശ്നം രൂക്ഷമായതോടെ വിഷയം റെയിൽവേ ബോർഡിന്റെ പരിഗണനയിലേക്കെത്തി. പലതവണ സമവായ ശ്രമങ്ങൾ നടത്തിയെങ്കിലും ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തിയില്ല. റെയിൽവേ എടുത്ത തീരുമാനത്തെതിരെ നാട്ടുകാർ കോടതിയെ സമീപിച്ചതോടെ സ്റ്റേഷനു പേരിടുന്ന നടപടി ഇന്നും നിയമപരമായ പരിഗണനയിലാണ്.

ഈ തർക്കം റെയിൽവേ പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാനായി സ്റ്റേഷൻ ബോർഡിൽ നിന്നു പേര് പൂർണ്ണമായി നീക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചു. അതിനുശേഷം ഇന്നുവരെ പേരില്ലാതെയാണ് ഈ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

പേരില്ലെങ്കിലും സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും ഉണ്ടായിട്ടില്ല. ടിക്കറ്റുകൾ ഇപ്പോഴും ‘റയ്നഗർ’ എന്ന പേരിലാണ് നൽകുന്നത്. ബങ്കുര–മസാഗ്രാം മെമു ട്രെയിനുകൾക്ക് ഇവിടെ സ്ഥിരം സ്റ്റോപ്പും ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ തന്നെ അപൂർവമായ ഒരു സംഭവമായി ഈ പേരില്ലാത്ത സ്റ്റേഷൻ ഇന്നും തുടരുകയാണ്.