ബാലതാരമായി ശ്രദ്ധ നേടിയ നടൻ ടൈലർ ചേസ് ഇപ്പോൾ തെരുവ് ജീവിതം നയിക്കുന്നുവെന്ന വാർത്തകൾ ശ്രദ്ധ നേടുകയാണ്. നിക്കലോഡിയൻ ചാനലിലെ പ്രശസ്ത പരമ്പരയായ ‘നെഡ്സ് ഡിക്ലാസിഫൈഡ് സ്‌കൂൾ സർവൈവൽ ഗൈഡ്’ ൽ മാർട്ടിൻ ക്വർലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ടൈലർ ചേസ് പ്രേക്ഷകരുടെ പ്രിയങ്കരനായത്. കാലിഫോർണിയയിലെ വിവിധ പ്രദേശങ്ങളിലെ തെരുവുകളിൽ കഴിയുന്ന താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

താരത്തിന് സഹായം നൽകാൻ ബന്ധുക്കളും സുഹൃത്തുക്കളും അധികൃതരും മുന്നോട്ടുവന്നെങ്കിലും, എല്ലാത്തരം സഹായങ്ങളും അദ്ദേഹം നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ചികിത്സാ സഹായവും താമസ സൗകര്യങ്ങളും പലവട്ടം വാഗ്ദാനം ചെയ്തിട്ടും, ടൈലർ ചേസ് അത് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം.

സാമ്പത്തിക പ്രതിസന്ധിയും മാനസിക അസ്വസ്ഥതകളും നേരിടുന്നതാണ് താരം തെരുവുകളിൽ കഴിയാനുള്ള കാരണം എന്നാണു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഹരിമരുന്ന് ഉപയോഗത്തിലേക്ക് അടിമപ്പെട്ടതായും, അതിൽ നിന്ന് മോചിതനാകാൻ സുഹൃത്തുക്കൾ സഹായം വാഗ്ദാനം ചെയ്തതായും അറിയുന്നു. എന്നിരുന്നാലും, തന്റെ ഇപ്പോഴത്തെ ജീവിതശൈലി മാറ്റാൻ താരം താത്പര്യമില്ലെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. തെരുവ് ജീവിതം തന്നെ ഇഷ്ടമാണെന്ന് ചേസ് തുറന്നു പറഞ്ഞതായുള്ള വിവരങ്ങൾ ആരാധകരെ ആശങ്കയിലാഴ്ത്തുകയാണ്.

അതേസമയം, ടൈലർ ചേസിനെക്കുറിച്ച് തങ്ങൾക്ക് വ്യക്തമായ അറിവുണ്ടെന്നും, സഹായത്തിനായി പബ്ലിക് സേഫ്റ്റി എൻഗേജ്‌മെന്റ് ടീം സന്നദ്ധരാണെന്നും റിവർസൈഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി. ആഴ്ചയിൽ ഒരിക്കലെങ്കിലും താരവുമായി സംസാരിച്ച് ആവശ്യങ്ങൾ അന്വേഷിക്കാറുണ്ടെങ്കിലും, 36 വയസ്സുകാരനായ ചേസ് ഒരുതരത്തിലുള്ള സഹായവും സ്വീകരിക്കാൻ തയ്യാറല്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

‘നെഡ്സ് ഡിക്ലാസിഫൈഡ്’ പരമ്പരയ്ക്ക് ശേഷം കുറച്ചുകാലം അഭിനയരംഗത്ത് സജീവമായിരുന്ന ചേസ്, 2011ഓടെ സിനിമാ ലോകത്ത് നിന്ന് പൂർണ്ണമായും പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. പിന്നീട് ബൈപ്പോളാർ ഡിസോർഡർ, ബോർഡർലൈൻ പെഴ്സണാലിറ്റി ഡിസോർഡർ തുടങ്ങിയ മാനസിക അസ്വസ്ഥതകളുമായി താൻ പോരാടുകയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

അഭിനയം അവസാനിപ്പിച്ച ശേഷം കവിതകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും ടൈലർ ചേസ് തന്റെ മാനസിക സംഘർഷങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ പിന്നീട് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും ലഹരി ആശ്രിതത്വവും അദ്ദേഹത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി എന്നാണു റിപ്പോർട്ടുകൾ.