മണിചെയിൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവാദ വാർത്തകൾ മറികടന്ന് ഒന്നേകാൽ കോടിയുടെ വീട്ടിലേക്കുള്ള തന്റെ ജീവിതയാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രുതി തമ്പി തുറന്നു പറയുന്നു. താൻ അറിഞ്ഞോ അറിയാതെയോ ഒരുതരത്തിലുള്ള തട്ടിപ്പിലും പങ്കില്ലാതിരുന്നിട്ടും, പണം പറ്റിച്ചു എന്ന പേരിൽ വാർത്തകൾ വന്നത് ഏറെ വേദനിപ്പിച്ചുവെന്നും ശ്രുതി പറയുന്നു.

മണിചെയിൻ കേസുമായി ബന്ധപ്പെട്ട വാർത്തകൾ ചിലർ കരുതിക്കൂട്ടി പ്രചരിപ്പിച്ചതാണെന്നും, അതുമായി തനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും ശ്രുതി തന്റെ ലൈഫ് സ്റ്റോറിയിലൂടെ വ്യക്തമാക്കുന്നു. തന്റെ പേരിൽ ഒരിക്കലും ഒരു കേസ് പോലും നിലനിന്നിട്ടില്ല എന്നതാണ് സത്യം എന്നും അവൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ആ വാർത്തകളോടെയാണ് ജീവിതത്തിൽ ആദ്യമായി ഹേറ്റേഴ്‌സിനെ നേരിടേണ്ടിവന്നതെന്നും ശ്രുതി പറയുന്നു.

പ്ലസ് ടു കഴിഞ്ഞ് എയർഹോസ്റ്റസ് ആവാനുള്ള പഠനം നടത്തിയ ശ്രുതി, പിന്നീട് പി.ജിയും പൂർത്തിയാക്കി. എന്നാൽ പഠിച്ച മേഖലയിലല്ല തന്റെ കരിയർ മുന്നോട്ട് പോയത്. ഒരു പ്രൊഫഷണൽ ഡാൻസറായി മാറിയ ശ്രുതി, നിരവധി സിനിമകളിലും റിയാലിറ്റി ഷോകളിലും പങ്കെടുത്തു. എന്റർടെയിൻമെന്റ് മേഖലയിലായിരുന്നു തുടക്കകാല കരിയർ. അങ്കമാലിയിൽ ഒരു ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചെങ്കിലും പിന്നീട് ദുബായിൽ തുടങ്ങിയ സ്റ്റുഡിയോ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ അവസാനിപ്പിക്കേണ്ടിവന്നതോടെ ജീവിതത്തിൽ വലിയ നിരാശ നേരിട്ടുവെന്ന് ശ്രുതി പറയുന്നു.

ആ പ്രതിസന്ധികാലത്താണ് ‘ദൈവം തന്ന അവസരം’ പോലെ ടിക് ടോക് ജീവിതത്തിലേക്ക് എത്തിയതെന്നും ശ്രുതി വ്യക്തമാക്കുന്നു. 2017 മുതൽ സോഷ്യൽ മീഡിയയിൽ സജീവമായ അവൾ, ആദ്യം മ്യൂസിക്കലി പ്ലാറ്റ്ഫോമിലൂടെയും പിന്നീട് ടിക് ടോകിലൂടെയും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ടിക് ടോക് ലൈവ് സ്ട്രീമിംഗിലൂടെ ലഭിച്ച വരുമാനമാണ് തന്റെ ജീവിതം മാറ്റിയതെന്നും, അതിനെ ഇന്നും ഒരു ഗെയിം സ്ട്രീമിംഗ് പോലെ തന്നെയാണ് കാണുന്നതെന്നും ശ്രുതി പറയുന്നു.

കഴിഞ്ഞ നാല് വർഷമായി ടിക് ടോക് ലൈവ് സ്ട്രീമിംഗ് ഗെയിംസിന്റെ ഭാഗമായ ശ്രുതി, അതിലൂടെ ലഭിച്ച സമ്പാദ്യമാണ് ഇന്നത്തെ നിലയിലെത്താൻ സഹായിച്ചതെന്ന് പറയുന്നു. എട്ട് വർഷമായി പ്രവാസജീവിതത്തിലാണ് അവൾ. എന്തെങ്കിലും സ്വന്തമാക്കിയിട്ടേ നാട്ടിലേക്ക് മടങ്ങൂ എന്ന് വീട്ടുകാരോട് പറഞ്ഞിട്ടാണ് വിദേശത്തേക്ക് പോയതെന്നും ശ്രുതി വ്യക്തമാക്കുന്നു.

ഇപ്പോൾ എല്ലാം നേടി എന്നല്ല, എന്നാൽ ആവശ്യമായ സൗകര്യങ്ങളോടെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്ന നിലയിലേക്കാണ് എത്തിച്ചേർന്നതെന്ന് ശ്രുതി പറയുന്നു. ചെറുപ്പം മുതലേ തന്റെ ഭാവിയെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്ന് അച്ഛനോടും അമ്മയോടും പറയാറുണ്ടായിരുന്നുവെന്നും അവൾ ഓർമ്മിപ്പിക്കുന്നു.

സോഷ്യൽ മീഡിയ ലൈക്കും ഷെയറും നേടാനുള്ള വേദി മാത്രമല്ല, ശരിയായി ഉപയോഗിച്ചാൽ വരുമാനം കണ്ടെത്താനാകുന്ന ഒരു പ്ലാറ്റ്ഫോം കൂടിയാണെന്നും ശ്രുതി പറയുന്നു. മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ കുശുമ്പ് കാണിക്കുന്നതിന് പകരം സ്വന്തം ജീവിതം മെച്ചപ്പെടുത്താൻ ശ്രമിക്കുകയാണ് വേണ്ടതെന്നും അവൾ അഭിപ്രായപ്പെടുന്നു.

മണിചെയിൻ തട്ടിപ്പ് കേസിൽ താൻ കുടുങ്ങിയെന്ന തരത്തിലുള്ള വാർത്തകൾ വന്ന സമയത്ത് ആരുടെയും പിന്തുണ ഉണ്ടായിരുന്നില്ലെന്നും, ഒറ്റയ്ക്കാണ് ഇത്രയും ദൂരം മുന്നോട്ട് വന്നതെന്നും ശ്രുതി തുറന്നുപറയുന്നു.