‘സ്ത്രീകൾ എന്തിനാണ് രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത്?’ എന്ന ചോദ്യം മടിയില്ലാതെ ഉന്നയിക്കുന്നവർ ഒരിക്കൽങ്കിലും ഈ വിഡിയോ കാണേണ്ടതുണ്ട്. പുലർച്ചെ മൂന്നു മണിക്ക് ആളൊഴിഞ്ഞ വഴിയിലൂടെ യാതൊരു ഭയവും ആശങ്കയും കൂടാതെ ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയ അനുഭവം പങ്കുവച്ചിരിക്കുകയാണ് ഒരു ഇന്ത്യൻ യുവതി.

സിംഗപ്പൂരിൽ പുലർച്ചെ 3 മണിക്ക് പോലും തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ലാതെ സുരക്ഷിതമായി നടക്കാൻ കഴിയുമെന്ന് യുവതി പറയുന്നു. എന്നാൽ ഇന്ത്യയിൽ ഇത്രയും വൈകിയ സമയത്ത് ഒറ്റയ്ക്ക് പുറത്തിറങ്ങുക എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും അവൾ ചൂണ്ടിക്കാട്ടുന്നു.

സിംഗപ്പൂരിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ കൃതിക ജെയിനാണ് ഈ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ആളൊഴിഞ്ഞ, ശാന്തമായ റോഡിലൂടെ സമാധാനത്തോടെ നടന്ന് വീട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. രാത്രിയിൽ പോലും സുരക്ഷിതത്വം ഉറപ്പുനൽകുന്ന അന്തരീക്ഷം തനിക്ക് പുതുമയുള്ള അനുഭവമാണെന്നും അവർ പറയുന്നു.

സിംഗപ്പൂരിലെ ജീവിതത്തെക്കുറിച്ച് കൃതിക പറയുന്നത് ഇങ്ങനെ:
“ഇവിടെ രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് അസാധാരണമായ കാര്യമല്ല. അതിനെ ആരും പ്രത്യേക അവകാശമായി കാണുന്നില്ല. അത് അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഈ സുരക്ഷിതത്വബോധമാണ് എനിക്ക് ഏറ്റവും വിലപ്പെട്ടത്. അതിനെ ഒരിക്കലും ലഘുവായി കാണാൻ കഴിയില്ല. സിംഗപ്പൂരിനെ ഞാൻ സ്നേഹിക്കുന്നത് അതിന്റെ ഉയരംകൂടിയ കെട്ടിടങ്ങളെയോ കാഴ്ചകളെയോ കൊണ്ടല്ല, മറിച്ച് ഇവിടുത്തെ സുരക്ഷിതമായ ജീവിതവാതാവരണമൂലമാണ്.”

View this post on Instagram

A post shared by Kritika Jain (@theroamingtoes)

വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്: “ഞാൻ ഒരുമാസം സിംഗപ്പൂരിൽ താമസിച്ചിട്ടുണ്ട്. അത്രയും മനോഹരമായ സ്ഥലമാണ്. ജീവിതച്ചെലവ് കൂടുതലാണെങ്കിലും അവിടുത്തെ ജനങ്ങളുടെ പൗരബോധം അത്ഭുതപ്പെടുത്തുന്നതാണ്.”

മറ്റൊരു ഉപയോക്താവ് കുറിച്ചത്: “അടിയന്തരമായി വൈദ്യസഹായം ആവശ്യമായപ്പോൾ അർധരാത്രിയിൽ ആശുപത്രിയിൽ പോകേണ്ടി വന്നിട്ടുണ്ട്. രാത്രിയിൽ പോലും സിംഗപ്പൂർ പൂർണമായും സുരക്ഷിതമാണെന്ന് എനിക്ക് വ്യക്തിപരമായി അനുഭവപ്പെട്ടിട്ടുണ്ട്.”