സോഷ്യൽ മീഡിയയിലൂടെ വലിയ ആരാധകശ്രദ്ധ നേടിയ കണ്ടന്റ് ക്രിയേറ്റേഴ്‌സാണ് മീത്ത് മിറി കപ്പിള്‍സ്. കോമഡി റീലുകൾ, ഡാൻസ് വീഡിയോകൾ, ദിനചര്യയിലെ സന്തോഷ നിമിഷങ്ങൾ എന്നിവയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചത്. സോഷ്യൽ മീഡിയയ്ക്ക് പുറമെ റിയാലിറ്റി ഷോകളിലും വിവിധ ചാനൽ പരിപാടികളിലും സജീവ സാന്നിധ്യമാണ് മീത്തും മിറിയും.

മിഥുൻ, റിതുഷ എന്നതാണ് ഇരുവരുടെയും യഥാർത്ഥ പേര്. തലശ്ശേരി സ്വദേശികളായതിനാൽ തന്നെ ഇവരുടെ കണ്ണൂർ സ്ലാങ്ങും സംസാര ശൈലിയും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. കണ്ടന്റ് ക്രിയേഷൻ മാത്രമല്ല, സംരംഭകത്വത്തിലും ഇരുവരും വിജയകരമാണ്. ‘പാഞ്ചാലിവസ്ത്ര’ എന്ന പേരിൽ ആരംഭിച്ച സ്വന്തം ഓൺലൈൻ ക്ലോത്തിംഗ് ബ്രാൻഡ് ഇന്ന് വലിയൊരു ബിസിനസായി മാറിയിട്ടുണ്ട്. വെറും 7000 രൂപ നിക്ഷേപത്തിൽ തുടങ്ങിയ സംരംഭം ഇപ്പോൾ കോടികളുടെ വ്യാപാരമായി വളർന്നുവെന്ന് മുൻപ് നൽകിയ അഭിമുഖങ്ങളിൽ ഇരുവരും വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ മിഥുന്റെയും റിതുഷയുടെയും ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത് മറ്റൊരു വലിയ സന്തോഷമാണ് — സ്വന്തം സ്വപ്നവീട്. ഏകദേശം 4000 സ്ക്വയർ ഫീറ്റിൽ നിർമിച്ച ഈ വീട്ടിന്റെ പാലുകാച്ചൽ പുതുവത്സര ദിനത്തിലാണ് നടന്നത്. ‘റൂഹ്’ എന്ന പേരാണ് വീടിന് നൽകിയിരിക്കുന്നത്. ആത്മാവ് എന്ന അർഥം വരുന്ന ഈ പേര് ഏറെനാളത്തെ ആലോചനകൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് തീരുമാനിച്ചതെന്ന് ഇരുവരും പറയുന്നു. ലളിതവും അർഥവത്തുമായ ഒരു പേര് വേണമെന്നതായിരുന്നു തങ്ങളുടെ ആഗ്രഹം.

പാലുകാച്ചൽ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മീത്ത് മിറി ദമ്പതികൾ സോഷ്യൽ മീഡിയയിൽ വികാരഭരിതമായ കുറിപ്പും പങ്കുവെച്ചു.
“ഇത് ഞങ്ങളുടെ സ്വപ്നം സഫലമായതിൽ മാത്രം ഒതുങ്ങുന്നില്ല, ദീർഘനാളത്തെ കഠിനാധ്വാനത്തിന്റെയും ദർശനത്തിന്റെയും ഫലമാണ് ഈ വീട്. ഓരോ കട്ടക്കു പിന്നിൽ വലിയ പരിശ്രമവും, ഓരോ കോണിലും സ്നേഹവും നിറഞ്ഞു നിൽക്കുന്നു. അനേകം ആളുകളുടെ പിന്തുണയും പ്രാർത്ഥനയും കൊണ്ടാണ് ഈ യാത്ര സാധ്യമായത്. ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി,” എന്നാണ് ഇരുവരും കുറിച്ചത്.