മോഹൻലാലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖനിമിഷങ്ങളിൽ അദ്ദേഹത്തോടൊപ്പം മലയാളികൾ മുഴുവൻ ചേർന്നുനിന്ന ദിവസങ്ങളായിരുന്നു കഴിഞ്ഞത്. അമ്മ ശാന്തകുമാരി അമ്മയുടെ വിയോഗത്തിന് പിന്നാലെ നടന്ന സഞ്ചയന കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുത്തും, പ്രാർത്ഥനകളിലൂടെയും നിരവധി പേർ അദ്ദേഹത്തോടുള്ള അനുശോചനം രേഖപ്പെടുത്തി. അമ്മയെ അത്യന്തം സ്നേഹിക്കുകയും കരുതലോടെ പരിപാലിക്കുകയും ചെയ്ത ഒരു മകനെ ഇക്കാലത്ത് അപൂർവമായാണ് കാണാൻ കഴിയുക എന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ഏറെ പങ്കുവെക്കപ്പെട്ടത്.

ഇതിനിടയിലാണ് അമ്മയുടെ വിയോഗത്തെ കുറിച്ചും, തനിക്കൊപ്പം ദുഃഖത്തിൽ പങ്കുചേർന്ന എല്ലാവർക്കുമുള്ള നന്ദിയും മോഹൻലാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
“എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവും സാമീപ്യവും കൊണ്ടു എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി. വീട്ടിലെത്തി, ഫോൺ മുഖാന്തരം, സമൂഹമാധ്യമങ്ങൾ വഴിയും അനുശോചനം അറിയിച്ച എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന,” എന്നാണ് മോഹൻലാൽ കുറിച്ചത്.

എന്നാൽ ശാന്തകുമാരി അമ്മയുടെ മരണശേഷം സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ചയും സജീവമായി. ലാലിന്റെ സഹോദരൻ പ്യാരി ലാലിന്റെ മകൻ നീരജ് ചടങ്ങുകളിൽ എവിടെയായിരുന്നു എന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. പ്യാരി ലാൽ വിവാഹിതനല്ലായിരുന്നു, വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചുവെന്ന തരത്തിലുള്ള വാദങ്ങളും ചിലർ മുന്നോട്ടുവച്ചു.

എന്നാൽ ഈ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, പ്യാരി ലാലിന്റെ മരണം അപ്രതീക്ഷിതമായ ഹൃദയാഘാതത്തെ തുടർന്നായിരുന്നുവെന്നും, അദ്ദേഹം വിവാഹിതനായിരുന്നു എന്നും, ഒരു മകൻ ഉണ്ടായിരുന്നുവെന്നും ശാന്തകുമാരി അമ്മ തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കു മൂന്നു കൊച്ചുമക്കളുണ്ടെന്നും, അതിൽ മൂത്ത മകന്റെ മകൻ നീരജാണെന്നും അമ്മ പറയുന്ന ദൃശ്യങ്ങൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്നുണ്ട്.

ഇതിനാലാണ് ശാന്തകുമാരി അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പ്രണവിനും വിസ്മയക്കും ഒപ്പം ചേർന്നുനിൽക്കേണ്ടയാൾ നീരജല്ലേ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നത്. ഗൂഗിളിൽ പോലും ഈ വിഷയവുമായി ബന്ധപ്പെട്ട തിരച്ചിലുകൾ വർധിച്ചതായി റിപ്പോർട്ടുകളുണ്ട്.