നടനും സംവിധായകനുമായ ദിലീഷ് പോത്തന്റെ ഇഷ്ടിക നടത്ത മത്സരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുറുപ്പന്തറയിൽ നടന്ന ഒരു ക്ലബ് ആഘോഷ പരിപാടിയുടെ ഭാഗമായാണ് ദിലീഷ് പോത്തനും ഭാര്യ ജാക്വിലിനും ഇഷ്ടിക നടത്തത്തിൽ ഏറ്റുമുട്ടിയത്. ശക്തമായ മത്സരത്തിൽ അവസാന ഘട്ടത്തിലാണ് ദിലീഷ് പോത്തൻ പുറത്തായത്.

മത്സരത്തിനിടയിലെ രസകരമായ നിമിഷങ്ങൾ അടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബനിയനും മുണ്ടും ധരിച്ച നാടൻ വേഷത്തിൽ, നിറഞ്ഞ ആവേശത്തോടെ മത്സരിക്കുന്ന ദിലീഷ് പോത്തനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

സിനിമാ രംഗത്ത്, 2025ൽ പുറത്തിറങ്ങിയ ‘ഔസേപ്പിന്റെ ഒസ്യത്ത്’ എന്ന ചിത്രത്തിലാണ് ദിലീഷ് പോത്തൻ അവസാനമായി അഭിനയിച്ചത്. അതേസമയം, ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ജോജി’ ആണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത സിനിമ. അടുത്ത വർഷം പുതിയ സംവിധാന സംരംഭവുമായി എത്തുമെന്ന സൂചനയും ദിലീഷ് പോത്തൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ദിലീഷ് പോത്തനെ കുറിച്ച് കുടുതൽ അറിയാൻ: ദിലീഷ് പോത്തൻ