പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ഏവരും വീണ്ടും കുട്ടികളായി മാറുന്ന നിമിഷങ്ങൾ ഉണ്ടാകും. അത്തരമൊരു സുന്ദരമായ നിമിഷമാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയ ‘കുട്ടുമ കുട്ടു’ എന്ന ഗാനത്തിന് ഭാര്യ എലിസബത്തും മകൾ ഹോപ്പും ഒപ്പം ചുവടുവെച്ചാണ് താരം റീൽ ഒരുക്കിയത്.
റീൽ പങ്കുവച്ചതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഇതിനോടകം തന്നെ 11.2 മില്യണിലധികം കാഴ്ചകൾ റീൽ സ്വന്തമാക്കി കഴിഞ്ഞു. വീഡിയോയുടെ തുടക്കത്തിൽ ബേസിൽ ജോസഫാണ് പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ ഭാര്യയും മകളും എത്തി താളം പിടിക്കുമ്പോൾ, കുടുംബസ്നേഹത്തിന്റെ മനോഹരമായൊരു ചിത്രം തന്നെയാണ് റീലിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്.
അമ്മയുടെയും അപ്പന്റെയും കൂടെ ആദ്യം ആവേശത്തോടെ ചുവടുവെച്ച ഹോപ്പ്, കുറച്ച് സമയത്തിന് ശേഷം ബോറടിച്ച് എഴുന്നേറ്റ് പോകുന്നതാണ് വീഡിയോയിലെ ഏറ്റവും ക്യൂട്ട് മുഹൂർത്തം. ഈ നിഷ്കളങ്കമായ നിമിഷം തന്നെയാണ് റീലിനെ കൂടുതൽ പ്രേക്ഷകപ്രിയമാക്കിയത്.
വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് എത്തുന്നത്. നെറ്റ്ഫ്ലിക്സും ടോവിനോ തോമസും ഉൾപ്പെടെയുള്ള പ്രമുഖരുടെ കമന്റുകളും ശ്രദ്ധേയമാണ്. “അവസാനം ഹോപ്പ് പറഞ്ഞത് പോലെ – ഈ കുട്ടിക്കളികൾ നിങ്ങൾ തന്നെ കളിച്ചോളൂ, എനിക്ക് വേറെ പണി ഉണ്ട്” എന്ന തരത്തിലുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തി. അതേസമയം, ഇത്തരം റീലുകൾ കുറച്ച് നിർത്തി വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചു വരണമെന്ന ആവശ്യവും ചില ആരാധകർ പങ്കുവച്ചിട്ടുണ്ട്.