ഡ്രംസ് വായിച്ച് സോഷ്യൽ മീഡിയ കീഴടക്കിയതിന് പിന്നാലെ, ഇപ്പോൾ ചെണ്ടമേളത്തിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് മന്ത്രി സജി ചെറിയാൻ. ശിങ്കാരിമേളയിൽ ചെണ്ടകൊട്ടി താളം പിടിക്കുന്ന മന്ത്രിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ചെങ്ങന്നൂരിൽ നടന്ന ഒരു പരിപാടിക്കിടെയാണ് അപ്രതീക്ഷിതമായി മന്ത്രി ചെണ്ടമേളത്തിലേക്ക് എത്തിയത്. ആട്ടം കലാസമിതി സംഘടിപ്പിച്ച ശിങ്കാരിമേളയിൽ കലാകാരന്മാർക്കൊപ്പം ചെണ്ട കൊട്ടുന്ന സജി ചെറിയാനെയാണ് വിഡിയോയിൽ കാണുന്നത്. പ്രേക്ഷകരുടെ ആവേശത്തിനൊത്ത് പൂർണ ആത്മാർത്ഥതയോടെ താളം പിടിക്കുന്ന മന്ത്രിയുടെ പ്രകടനം കയ്യടി നേടി.
ഈ വിഡിയോ ആട്ടം കലാസമിതി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ കമന്റുകളും അഭിനന്ദനങ്ങളും ഒഴുകുകയാണ്. ‘മന്ത്രിക്ക് ഇതും വശമുണ്ടോ?’, ‘ഇന്നലെ ബാൻഡ് മേളം, ഇന്ന് ശിങ്കാരിമേള – ആളു ഒരു കില്ലാടി തന്നെ’ എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് നിറയുന്നത്.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കാരൾ സംഘത്തിനൊപ്പം ഡ്രംസ് വായിക്കുന്ന മന്ത്രിയുടെ വിഡിയോയും വൈറലായിരുന്നു. അതിന് പിന്നാലെ ചെണ്ടമേളത്തിന്റെ ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ, കലാപ്രതിഭയുള്ള മന്ത്രിയെന്ന ഇമേജാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.
രാഷ്ട്രീയ വേദികളിൽ മാത്രമല്ല, കലാവേദികളിലും താളം പിടിക്കാമെന്ന് തെളിയിച്ച് സജി ചെറിയാൻ വീണ്ടും വൈറൽ ഹിറ്റായി മാറിയിരിക്കുകയാണ്.