വിവാഹമോചനം നേടാതെയായി മൂന്ന് വര്‍ഷത്തിനിടെ മൂന്ന് സ്ത്രീകളെ വിവാഹം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശിയായ പിന്റു ബന്‍വാളാണ് പിടിയിലായത്. ആദ്യ രണ്ട് ഭാര്യമാര്‍ ഗാര്‍ഹിക പീഡനവും സ്ത്രീധനം ആവശ്യപ്പെട്ടുള്ള മര്‍ദനവും ആരോപിച്ച് നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, സ്ത്രീധനം എന്ന പേരില്‍ ഒരു രൂപ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ അടക്കം എല്ലാം വ്യാജമാണെന്നും പിന്റു അവകാശപ്പെടുന്നു. മൂന്ന് സ്ത്രീകളെ വിവാഹം ചെയ്തത് സത്യമാണെങ്കിലും അതിന് പിന്നില്‍ സ്വന്തം ജീവിത സാഹചര്യങ്ങളാണുണ്ടായിരുന്നതെന്നും ഇയാള്‍ പറയുന്നു.
തന്റെ അമ്മയ്ക്ക് 60 വയസ്സിന് മുകളിലാണെന്നും ഭാര്യമാര്‍ വീട്ടില്‍ ഭക്ഷണം പോലും തയ്യാറാക്കി തരാറില്ലായിരുന്നുവെന്നും, പലപ്പോഴും അമ്മയ്ക്കും തനിക്കുമുള്ള ഭക്ഷണം താനാണ് പാകം ചെയ്തതെന്നും പിന്റു വിശദീകരിക്കുന്നു. ആദ്യഭാര്യ ഖുശ്ബു തന്നെ കത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നതും അത് നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന സംഭവമാണെന്നുമാണ് ഇയാളുടെ ആരോപണം.
ഭാര്യയുമായി പത്ത് വര്‍ഷത്തോളം പ്രായവ്യത്യാസമുണ്ടായിരുന്നുവെന്നും ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്നും, ബലാത്സംഗം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്നും പിന്റു പറയുന്നു. അമ്മയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വീണ്ടും വിവാഹം കഴിക്കേണ്ടിവന്നതെന്നും, എന്നാല്‍ രണ്ടാമത്തെ ഭാര്യ ഒരു ദിവസം വീടുവിട്ടു പോയതായും ഇയാള്‍ പറയുന്നു.
ഇതിനുശേഷമാണ് മൂന്നാമത്തെ വിവാഹം നടന്നത്. അമ്മയ്ക്ക് ഹൃദ്രോഗവും പ്രമേഹവും ഉള്‍പ്പെടെയുള്ള ഗുരുതര അസുഖങ്ങളുണ്ടായിരുന്നുവെന്നും അവരെ പരിചരിക്കുക അനിവാര്യമായ സാഹചര്യമായിരുന്നുവെന്നും പിന്റു വ്യക്തമാക്കി. മൂന്നാമത്തെ ഭാര്യ ഒരു വര്‍ഷത്തോളം വീട്ടില്‍ താമസിച്ചുവെന്നും അവര്‍ നല്ല രീതിയില്‍ പെരുമാറിയതായും പരാതിക്ക് യാതൊരു കാരണവുമില്ലെന്നുമാണ് ഇയാളുടെ വാദം.
അതേസമയം, ഒന്നും രണ്ടും ഭാര്യമാര്‍ ചേര്‍ന്ന് രഹസ്യമായി തനിക്കെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് പിന്റുവിന്റെ ആരോപണം. എന്നാല്‍ രണ്ട് ഭാര്യമാര്‍ നല്‍കിയ രേഖാമൂലമുള്ള പരാതികള്‍ പരിഗണിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പിന്റുവിനെ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായാണ് റിപ്പോര്‍ട്ട്.