‘യഹൂദിയായിലെ ഒരു ഗ്രാമത്തിൽ, ധനുമാസത്തിന്റെ തണുത്തൊരു രാത്രിയിൽ…’ എന്ന കാരൾ ഗാനത്തിന്റെ മാധുര്യത്തിന് അയ്യപ്പ ഭജന സംഘത്തിന്റെ സ്വരസഹചാര്യം. ഭജനയിൽ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ കാരളിന് കൂടുതൽ താളവും ആത്മാവും നൽകുന്നു. ചുറ്റുമിരുന്ന് കൈകൊട്ടിയും ചിരിച്ചും പാട്ടിൽ ലയിച്ചും ആസ്വദിക്കുന്ന ജനങ്ങൾ—ഈ ഹൃദയം നിറയ്ക്കുന്ന ദൃശ്യം കോട്ടയം കുമരകത്തിൽ നിന്നുള്ളതാണ്.
ഭജന നടക്കുന്ന വേദിയിലാണ് കാരൾ സംഘം പാട്ടും നൃത്തവും അവതരിപ്പിച്ച് ക്രിസ്മസ് ആഘോഷിച്ചത്. കുട്ടികളുമുതൽ മുതിർന്നവരുവരെയുള്ള നിരവധി പേർ കാരളിനൊപ്പം ചേർന്ന് ആനന്ദം പങ്കിടുന്ന കാഴ്ച വിഡിയോയിൽ വ്യക്തമായി കാണാം. മതഭേദമില്ലാതെ ഒരുമിച്ച് ആഘോഷിക്കുന്ന ഈ നിമിഷം കാണുന്നവരുടെ മനസ്സ് സ്പർശിക്കുന്നതാണെന്നു സോഷ്യൽ മീഡിയയിൽ ഒരേ സ്വരത്തിലാണ് പ്രതികരണം.
വിഡിയോ വൈറലായതോടെ അഭിനന്ദനങ്ങളും പ്രശംസകളും ഒഴുകിയെത്തുകയാണ്. മതസൗഹാർദ്ദത്തിന്റെയും സഹവർത്തിത്വത്തിന്റെയും സുന്ദരമായ ഉദാഹരണമാണിത്, കേരളത്തിന്റെ യഥാർത്ഥ മുഖം ഇതിലുണ്ട് എന്നുമാണ് വിഡിയോ കണ്ടവരുടെ കമന്റുകൾ.