ഒരു ബോള്‍ഡ് ഫോട്ടോഷൂട്ട് നടത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട നടിയാണ് അനശ്വര രാജന്‍. ഇത്ര ചെറിയ കാര്യത്തെ എന്തിനാണ് ഇത്രയും വലിയ വിവാദമാക്കി മാറ്റിയതെന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് അനശ്വര തുറന്നുപറയുന്നു. പുതിയ തെലുങ്ക് ചിത്രം ‘ചാംപ്യന്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് താരം ഈ വിഷയത്തില്‍ പ്രതികരിച്ചത്.
പതിനഞ്ചാം വയസ്സില്‍ സിനിമാ മേഖലയിലേക്ക് എത്തിയ അനശ്വരയോട് സ്റ്റാര്‍ഡം ഒരു ഭാരമായി തോന്നിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് മറുപടിയായി, സ്റ്റാര്‍ഡം ഒരിക്കലും ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും, അതിനെ വളരെ ആസ്വദിക്കുന്നുണ്ടെന്നും അനശ്വര പറഞ്ഞു. എവിടെയെങ്കിലും പോയാല്‍ ആളുകള്‍ തിരിച്ചറിയുകയും സ്‌നേഹത്തോടെ പ്രതികരിക്കുകയും ചെയ്യുന്നത് സന്തോഷം നല്‍കുന്ന കാര്യങ്ങളാണെന്നും താരം വ്യക്തമാക്കി. സ്‌ക്രീനില്‍ നമ്മള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് സ്‌ക്രീനിന് പുറത്ത് ആളുകളുടെ സ്‌നേഹത്തിന് കാരണമാകുന്നത്, അതിനെ വളരെ പോസിറ്റീവായാണ് താന്‍ കാണുന്നതെന്നും അനശ്വര പറഞ്ഞു.
അതേസമയം, സെലിബ്രിറ്റി ജീവിതത്തിന്റെയും മറ്റൊരു വശമുണ്ടെന്നും, അത് തനിക്ക് അത്ര പരിചിതമല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. വളരെ സാധാരണമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും, കാര്യങ്ങളെ ഫ്രീയായി കാണുന്നതാണ് തന്റെ ശീലമെന്നും അനശ്വര പറഞ്ഞു. ഒരു സാധാരണ അഭിപ്രായം പോലും വലിയ ചര്‍ച്ചയായി മാറുന്ന സാഹചര്യം തനിക്ക് അസ്വാഭാവികമാണെന്നും, ‘സോ കോള്‍ഡ് സെലിബ്രിറ്റി’ എന്ന നിലയില്‍ തന്റെ വാക്കുകള്‍ക്ക് വലിയ സ്വാധീനം ഉണ്ടാകുമെന്ന് അറിയാമെങ്കിലും, എല്ലാത്തിനും അമിതമായ ശ്രദ്ധ ലഭിക്കുന്ന അന്തരീക്ഷം ഇനിയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
പൊതു സ്ഥലങ്ങളില്‍ പല ആംഗിളുകളില്‍ നിന്നുമുള്ള ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോകളും വീഡിയോകളും പകര്‍ത്തുന്നതും തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും അനശ്വര പറഞ്ഞു. പലപ്പോഴും അത്തരം ക്യാമറ ക്ലിക്കുകള്‍ക്ക് തയ്യാറായിട്ടല്ല താന്‍ ഒരു വാഹനത്തില്‍ നിന്ന് ഇറങ്ങുന്നതെന്നും, ആ സാഹചര്യം ഇപ്പോഴും അപരിചിതമാണെന്നും താരം വ്യക്തമാക്കി.
ഒരു ഷോര്‍ട്‌സ് ധരിച്ചതിന്റെ പേരില്‍ ഇത്ര വലിയ പ്രശ്‌നം ഉണ്ടാക്കിയത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്ന് അനശ്വര പറഞ്ഞു. പതിനെട്ടു വയസ്സുള്ള തനിക്ക് തന്റെ ഇഷ്ടപ്രകാരം വസ്ത്രം ധരിച്ചതില്‍ എന്താണ് തെറ്റെന്നും, ആ വിഷയം വലിയൊരു മൂവ്‌മെന്റായി മാറിയത് തന്നെ അത്ഭുതപ്പെടുത്തിയതായും താരം പറഞ്ഞു. ആ സമയത്ത് തന്നെ പ്രതികരിക്കാന്‍ കഴിഞ്ഞതും, പലരും പിന്തുണയുമായി എത്തിയതും സന്തോഷം നല്‍കിയ കാര്യങ്ങളാണെന്നും, എന്നാല്‍ ഇത്രയും വലിയ വിവാദത്തിന് കാരണമെന്താണെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും അനശ്വര രാജന്‍ പറഞ്ഞു.