ഗായിക മൃദുല വാരിയർ അച്ഛനൊപ്പം പാടുന്ന ഹൃദയസ്പർശിയായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 1972ൽ പുറത്തിറങ്ങിയ ‘ചെമ്പരത്തി’ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനം ‘ചക്രവർത്തിനി നിനക്കായി’യാണ് അച്ഛനും മകളും ചേർന്ന് ആലപിച്ചത്. ഏറെ നാളുകൾക്ക് ശേഷം അച്ഛൻ വീണ്ടും പാടുന്ന അപൂർവ നിമിഷമാണിതെന്ന് മൃദുല വ്യക്തമാക്കി.

ആദ്യമായാണ് അച്ഛനൊപ്പം പാടിയ ഒരു വിഡിയോ പങ്കുവയ്ക്കുന്നതെന്ന് മൃദുല കുറിപ്പിൽ പറയുന്നു. ക്ലാസിക്കൽ സംഗീതത്തിൽ ഔപചാരിക പരിശീലനം ഒന്നും അച്ഛന് ലഭിച്ചിരുന്നില്ലെങ്കിലും, ബാല്യകാലത്ത് നിരവധി സിനിമാഗാനങ്ങൾ പഠിച്ച് പാടുമായിരുന്നു എന്നും ഓർമിപ്പിച്ചു. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി അച്ഛൻ പാട്ടിൽ നിന്ന് അകന്നുനിന്നിരുന്നു. പാടാൻ വിളിച്ചാൽ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുന്ന ആളാണ് അച്ഛനെന്നും, എന്നാൽ ഈ തവണ അപ്രതീക്ഷിതമായി ഉടൻ തന്നെ സമ്മതിച്ചതായും മൃദുല പങ്കുവച്ചു.

വയലാർ രാമവർമയുടെ വരികൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന ഈ ഗാനം യേശുദാസ് ആലപിച്ചതാണ്. സംഗീത പ്രേമികൾ ഇന്നും നെഞ്ചിലേറ്റുന്ന ഈ ക്ലാസിക് ഗാനത്തിന് അച്ഛനും മകളും നൽകിയ അവതരണം വലിയ ശ്രദ്ധ നേടി.

View this post on Instagram

A post shared by Mridula Varier (@mridulavarier)

റിയാലിറ്റി ഷോകളിലൂടെ സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ മൃദുല വാരിയർ മലയാളികൾക്ക് സുപരിചിതയായ ഗായികയാണ്. പി.വി. രാമൻകുട്ടി വാരിയറാണ് മൃദുലയുടെ പിതാവ്. മൃദുലയുടെ മകൾ മൈത്രേയിയുടെ ഗാനങ്ങൾക്കും വലിയ ആരാധക പിന്തുണയുണ്ട്. മൃദുലയും കുടുംബവും പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുന്നുണ്ട്.