മദ്യപിച്ച് വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ച നടൻ സിദ്ധാർത്ഥ് പ്രഭുവിനെ പിന്തുണച്ചെന്നാരോപിച്ച് കടുത്ത സൈബർ ആക്രമണം നേരിടുന്ന സീരിയൽ നടൻ ജിഷിൻ മോഹന് പിന്തുണയുമായി ഭാര്യയും നടിയുമായ അമേയ നായർ രംഗത്തെത്തി. സിദ്ധാർത്ഥ് ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപ്പനക്കാരൻ പിന്നീട് മരണപ്പെട്ടതോടെയാണ് വിഷയത്തിൽ പ്രതിഷേധം ശക്തമായത്.
ജിഷിൻ പങ്കുവച്ച പുതുവത്സര ആശംസാ പോസ്റ്റിന് താഴെ വിമർശനങ്ങൾ വർധിച്ചതോടെയാണ് അമേയ കമന്റ് ബോക്‌സിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ തെറ്റു ചെയ്തവരെ സംരക്ഷിച്ചിട്ടില്ലെന്നും, ആൾക്കൂട്ട ആക്രമണത്തിനെതിരെയാണ് പ്രതികരിച്ചതെന്നും അമേയ വ്യക്തമാക്കി.
പൊതുജനങ്ങൾ നിയമം സ്വന്തം കൈകളിലെടുക്കുന്നതിനെതിരെയാണ് സംസാരിച്ചതെന്നും, തെറ്റു ചെയ്തവരെ ഒരിക്കലും ന്യായീകരിച്ചിട്ടില്ലെന്നും അമേയ കുറിപ്പിൽ പറഞ്ഞു. സിദ്ധാർത്ഥിനെതിരെ പൊലീസ് നിയമനടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ വിവാദങ്ങൾ കൂടുതൽ ചർച്ചയാകുന്നത്.

“ചെറുതും വലുതുമായ എല്ലാ വിമർശനങ്ങളും സ്വീകരിക്കുന്നു. വന്ന് പറയുക, വിമർശിക്കുക, അതിന് ശേഷം പോകുക. ഞങ്ങൾ ആരെയും വണ്ടി കയറ്റി കൊന്നിട്ടില്ല, ആരോടും കൊല്ലാൻ ആഹ്വാനം ചെയ്തിട്ടുമില്ല. അങ്ങനെ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനെ ഒരിക്കലും ന്യായീകരിച്ചിട്ടില്ല. ആൾക്കൂട്ട ആക്രമണം എന്ന ശിക്ഷാനടപടിയെയാണ് ഞങ്ങൾ എതിർത്തത്. ആ നിലപാടിൽ ഇപ്പോഴും മാറ്റമില്ല, ഒരിഞ്ച് പോലും പിന്നോട്ടില്ല” – അമേയ കമന്റിൽ വ്യക്തമാക്കി.
മദ്യപിച്ച് നിയന്ത്രണം നഷ്ടപ്പെട്ട സിദ്ധാർത്ഥിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നടനെന്ന നിലയിലാണ് സിദ്ധാർത്ഥിന് നേരെ കൈയ്യേറ്റമുണ്ടായതെന്ന ആരോപണവും ഉയർന്നിരുന്നു. നിയമസംവിധാനമുള്ള നാട്ടിൽ ജനങ്ങൾ നിയമം സ്വന്തം കൈകളിലെടുക്കുന്നതെന്തിനെന്ന ചോദ്യവുമായി ജിഷിൻ മുൻപ് രംഗത്തെത്തിയതും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.