സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയരായ ദമ്പതികളാണ് അനാമികയും വിഷ്ണുവും. ഇരുവരുടെയും വിവാഹം വലിയ വാർത്തയായി മാറിയിരുന്നു. ജീവമാതാ കാരുണ്യ ഭവനിലെ നടത്തിപ്പുകാരിയായ ഉദയ ഗിരിജ തന്റെ മകൻ വിഷ്ണുവിനെ കൊണ്ട് അവിടത്തെ അന്തേവാസിയായിരുന്ന അനാമികയെ വിവാഹം കഴിപ്പിച്ചതാണ് ഈ വിവാഹത്തെ പ്രത്യേകമാക്കിയത്.

സ്വന്തം ജീവിതത്തിലെ വേദനകളും അനുഭവങ്ങളും അനാമിക അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. മാതാപിതാക്കളുടെ വിവാഹമോചനം, അമ്മയുടെ രണ്ടാം വിവാഹം, അമ്മയുടെ അകാലമരണം, പിന്നീട് അനാഥാലയ ജീവിതം — എല്ലാം തന്നെ അനാമിക അതീവ സത്യസന്ധതയോടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അമ്മയുടെ രണ്ടാം വിവാഹത്തിൽ ജനിച്ച അനിയത്തിയെക്കുറിച്ചും അച്ഛനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് അനാമിക.

വിവാഹം ഉറപ്പിച്ച ശേഷമാണ് അനാമികയും വിഷ്ണുവും ചേർന്ന് അനിയത്തിയെ അന്വേഷിക്കാൻ തീരുമാനിച്ചത്. ഏറെ ശ്രമങ്ങൾക്കൊടുവിലാണ് അവളുടെ താമസസ്ഥലം കണ്ടെത്താൻ സാധിച്ചത്. കാണാൻ കഴിയുമോ എന്ന ആശങ്ക പോലും അന്ന് അനാമികയെ അലട്ടിയിരുന്നു. എന്നാൽ ഭർത്താവ് വിഷ്ണുവിന്റെ പിന്തുണയാണ് ആ കൂടിക്കാഴ്ച സാധ്യമാക്കിയത്. അനിയത്തിയോട് സംസാരിക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തതായി അനാമിക പറയുന്നു. വിവാഹത്തിന് ശേഷവും അവളെ കാണാൻ പോയിട്ടുണ്ട്.

ചേച്ചിയുടെ സ്ഥാനത്ത് നിന്നല്ല, മറിച്ച് ഒരമ്മയുടെ മനസ്സോടെ തന്നെയാണ് അനിയത്തിക്ക് വേണ്ടതെല്ലാം ചെയ്യാൻ ശ്രമിച്ചതെന്ന് അനാമിക വ്യക്തമാക്കുന്നു. ഇപ്പോൾ അവൾ സ്വന്തം അച്ഛനോടൊപ്പമാണ് താമസിക്കുന്നത്. അവിടെ സുരക്ഷിതമാണെന്ന ഉറപ്പുള്ളതിനാൽ തനിക്ക് ആശങ്കയില്ലെന്നും അനാമിക പറയുന്നു. അമ്മയുടെ വയറ്റിൽ ജനിച്ച സഹോദരിയെ ഒരിക്കലും അകറ്റിനിർത്തില്ലെന്ന നിലപാടിലാണ് അവൾ.

അതേസമയം, അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾക്കും വാക്കുകൾക്കും വലിയ പ്രാധാന്യമുണ്ട്. അമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം അച്ഛൻ മറ്റൊരു വിവാഹം കഴിക്കുകയും അതിൽ ഒരു കുഞ്ഞുണ്ടാവുകയും ചെയ്തിരുന്നു. അവർ ഒരു കുടുംബമായി ജീവിക്കുകയാണ്. അനാമികയുടെ വിവാഹത്തിനായി സിഡബ്ല്യൂസിയിൽ നിന്ന് അനുമതി ലഭിക്കേണ്ടതായിരുന്നുവെന്നും അതിനായി അച്ഛനെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി വേദനിപ്പിച്ചതായും അവൾ പറയുന്നു.

“എനിക്ക് അങ്ങനെയൊരു മകളെ വേണ്ട. ഇപ്പോൾ എനിക്ക് ഒരു കുടുംബമുണ്ട്. അവളെ ഞാൻ നോക്കില്ല. നിങ്ങൾക്ക് വേണ്ടത് പോലെ ചെയ്യൂ” എന്നായിരുന്നു അച്ഛന്റെ പ്രതികരണം. എന്നാൽ അതിൽ ഇപ്പോൾ തനിക്ക് സങ്കടമില്ലെന്നാണ് അനാമികയുടെ വാക്കുകൾ. അന്ന് അച്ഛൻ പറഞ്ഞ ആ വാക്കുകളാണ് ഇന്ന് തനിക്ക് സന്തോഷത്തോടെ സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശക്തി നൽകിയതെന്നും അവൾ പറയുന്നു.

“എന്നെ വേണ്ടെന്ന് പറഞ്ഞ ഒരാളെ ഇനി ഞാൻ അന്വേഷിക്കില്ല” എന്ന ഉറച്ച നിലപാടോടെയാണ് അനാമിക തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.