മഞ്ജു പിള്ളയുടെയും സംവിധായകൻ സുജിത് വാസുദേവന്റെയും മകളായ ദയ സുജിത്ത് ഇന്ന് പ്രേക്ഷകർക്ക് പരിചിതമായ ഒരു മുഖമാണ്. ഇറ്റലിയിൽ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ ദയ, തന്റെ കരിയറിനെ കുറിച്ച് ആലോചിക്കുന്ന ഘട്ടത്തിലാണ്. ഫാഷൻ ഡിസൈനിംഗ് പഠിച്ച താരം ഇപ്പോൾ യൂട്യൂബ് വീഡിയോകൾ വഴിയാണ് കൂടുതൽ സജീവം. തന്റെ ജീവിതാനുഭവങ്ങളും മനസ്സിലെ ചിന്തകളും തുറന്നുപറയുന്ന ഒരു വീഡിയോയാണ് ദയ അടുത്തിടെ പങ്കുവച്ചിരിക്കുന്നത്.

ചെറുപ്പം മുതൽ കേട്ടുവന്ന സാമൂഹിക വിലക്കുകൾ, സ്കൂൾ കാലത്ത് അനുഭവിച്ച മാനസിക പീഡനം, ബോഡി ഷെയിമിംഗ്, സൗഹൃദങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് വീഡിയോയുടെ ആദ്യ ഭാഗത്തിൽ ദയ സംസാരിക്കുന്നത്.

തനിക്ക് ഇഷ്ടമുള്ള രീതിയിൽ കസേരയിൽ ഇരുന്നാൽ പോലും ‘പെൺകുട്ടികൾ അങ്ങനെ ഇരിക്കരുത്’ എന്ന ഉപദേശം എപ്പോഴും കേൾക്കേണ്ടി വന്നിരുന്നുവെന്ന് ദയ പറയുന്നു. അങ്ങനെ ഇരുന്നതിൽ എന്താണ് തെറ്റെന്ന് ദയ ചോദിക്കുന്നു. ആദ്യമൊക്കെ അമ്മൂമ്മ പറയുമായിരുന്നു, ഇപ്പോള്‍ പറഞ്ഞ് പറഞ്ഞ് ഗുണമില്ല എന്ന് തോന്നിയപ്പോള്‍ നിര്‍ത്തി.

ഇതുപോലെ തന്നെയാണ് ഇന്നും നിലനിൽക്കുന്ന ആര്‍ത്തവവുമായി ബന്ധപ്പെട്ട വിലക്കുകൾ. പീരിയഡ്‌സ് ആയാൽ അത് തുറന്നു പറയാൻ പാടില്ലെന്ന ചിന്ത ഇന്നും സമൂഹത്തിലുണ്ടെന്ന് ദയ പറയുന്നു. ലോകത്തിലെ എല്ലാ സ്ത്രീകൾക്കും അനുഭവപ്പെടുന്ന സ്വാഭാവികമായ ഒരു കാര്യമാണ് ആര്‍ത്തവം. പിന്നെ എന്തിനാണ് അത് ഇത്ര രഹസ്യമാക്കുന്നത്? പീരിയഡ്‌സ് കാരണം അസുഖമാണെന്ന് പറഞ്ഞാൽ പോലും പതുക്കെ പറയാൻ പറയുന്നവരുണ്ട്. അതിന്റെ ആവശ്യം എന്താണെന്നാണ് ദയയുടെ ചോദ്യം.

സ്കൂൾ പഠനകാലത്ത് അനുഭവിച്ച ഏറ്റവും വലിയ ട്രോമ ഒരു അധ്യാപിക മൂലമായിരുന്നുവെന്നും ദയ വെളിപ്പെടുത്തുന്നു. ഏഴാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിപ്പിച്ചിരുന്ന ഒരു കെമിസ്ട്രി ടീച്ചറാണ് അതിന് കാരണം. പേര് പറയാൻ താൽപര്യമുണ്ടായിരുന്നെങ്കിലും അമ്മയുടെ നിർദേശപ്രകാരം ഒഴിവാക്കിയെന്നാണ് ദയ പറയുന്നത്. 32 കുട്ടികളുണ്ടായിരുന്ന ക്ലാസിൽ 30 പേരും ആ അധ്യാപികയുടെ മാനസിക പീഡനം അനുഭവിച്ചവരായിരുന്നു. ക്ലാസ് മികച്ചതാകണം എന്ന അമിത നിർബന്ധം കുട്ടികളെ സമ്മർദ്ദത്തിലാക്കി. ഒരു ടീച്ചർ നന്നായാൽ മാത്രമേ കുട്ടികളും നന്നാവൂ എന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും ദയ പറയുന്നു. എട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ സ്കൂൾ ജീവിതത്തെ തന്നെ വെറുക്കുന്ന രീതിയിൽ ആ അനുഭവം ബാധിച്ചുവെന്നും ദയ തുറന്നു പറയുന്നു.

പിന്നീട് നേരിട്ട മറ്റൊരു അനുഭവം ബോഡി ഷെയിമിംഗായിരുന്നു. കറുത്ത നിറമുള്ളവളാണെന്ന പരിഹാസം ചെറുപ്പം മുതൽ നേരിടേണ്ടി വന്നു. അഞ്ചാം ക്ലാസ് കാലത്തുതന്നെ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ കുടുംബത്തിലെ ഒരു മുതിർന്ന വ്യക്തി പറഞ്ഞത്, നായികയാകാൻ പറ്റില്ല, സൈഡ് റോളുകളേ ചെയ്യാൻ കഴിയൂ, നായികയാകണമെങ്കിൽ വെളുത്ത നിറം വേണമെന്നായിരുന്നു. മുതിർന്നവർ പറയുന്നതാണ് ശരിയെന്ന് വിശ്വസിക്കാൻ പഠിപ്പിക്കപ്പെട്ടതുകൊണ്ട്, ഏറെ നാൾ അത് സത്യമാണെന്ന് തന്നെ കരുതിയിരുന്നുവെന്നും ദയ പറയുന്നു. എന്നാൽ പിന്നീട് അതൊരു തെറ്റായ ചിന്തയാണെന്ന് മനസ്സിലാക്കാൻ സമയം എടുത്തുവെന്നും താരം കൂട്ടിച്ചേർക്കുന്നു.

ജോലിയെക്കുറിച്ചും സമ്പാദ്യത്തെക്കുറിച്ചും ചോദ്യം ചെയ്യുന്നതും മറ്റൊരു സമ്മർദ്ദമാണെന്ന് ദയ പറയുന്നു. ഇപ്പോൾ തനിക്ക് എജുക്കേഷൻ ലോൺ ഒഴികെ മറ്റ് ബാധ്യതകളൊന്നുമില്ല. മാതാപിതാക്കളുടെ പിന്തുണയും ഉണ്ട്. സ്വതന്ത്രമായി നിൽക്കണം, സമ്പാദിക്കണം എന്ന ബോധം തനിക്കുണ്ടെങ്കിലും, 23 വയസ്സായ താൻ ഇപ്പോഴും കരിയർ തീരുമാനത്തിൽ കൺഫ്യൂഷനിലാണെന്ന് ദയ പറയുന്നു. പല ആഗ്രഹങ്ങളും മനസ്സിലുണ്ടെന്നും, അവയിൽ ഒന്നെങ്കിലും അല്ലെങ്കിൽ എല്ലാം തന്നെ ചെയ്യുമെന്നും ദയ ആത്മവിശ്വാസത്തോടെ പറയുന്നു. ടാറ്റൂ ചെയ്യുന്നത് തെറ്റാണെന്ന് പറയുന്ന ചിന്താഗതികളെയും ദയ പരിഹസിക്കുന്നുണ്ട്.