മലയാള സിനിമയിൽ ‘ഹാസ്യസാമ്രാട്ട്’ എന്ന വിശേഷണം ഏറ്റവും സ്വാഭാവികമായി ചേരുന്ന നടന്മാരിൽ ഒരാളാണ് ഹരിശ്രീ അശോകൻ. രമണൻ, പറക്കും തളികയിലെ സുന്ദരേശൻ തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ ഓർമ്മകളിൽ അത്രമേൽ സജീവമാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഹരിശ്രീ അശോകന്റെ ഡയലോഗുകളും കോമഡി സീനുകളും വ്യാപകമായി വൈറലാകുന്നുണ്ട്. കോമഡിയിൽ മാത്രമല്ല, വേഷപ്പകർച്ചയിലും, വില്ലൻ വേഷങ്ങളിലും, സ്വഭാവനടനായും തിളങ്ങാൻ കഴിയുന്ന അപൂർവ പ്രതിഭയാണ് അദ്ദേഹം.
മിമിക്രി വേദികളാണ് അശോകന്റെ കലാജീവിതത്തിന്റെ തുടക്കം. ‘ബാബു’ എന്ന വിളിപ്പേരിൽ സുഹൃത്തുക്കൾക്കിടയിൽ ഇന്നും സ്നേഹത്തോടെ അറിയപ്പെടുന്ന അദ്ദേഹം, ആദ്യം ഹരിശ്രീ മിമിക്രി ട്രൂപ്പിലൂടെയും പിന്നീട് കലാഭവനിലൂടെയും തന്റെ കഴിവുകൾ മെച്ചപ്പെടുത്തി. അച്ഛനും അമ്മയ്ക്കും ആറാമത്തെ മകനായി കൊച്ചിയിൽ ജനിച്ച അശോകൻ, തന്റെ കൊച്ചിക്കാരൻ എന്ന തിരിച്ചറിവ് ഇന്നും അഭിമാനത്തോടെ പറയുന്നയാളാണ്.
ടെലികോം എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടിയെങ്കിലും, ജീവിതം അത്ര എളുപ്പമായിരുന്നില്ല. വെറും പതിനഞ്ചാം വയസിൽ കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റാനായി പിക്കാസും എടുത്ത് റോഡ് പണിക്കിറങ്ങിയ കാലമുണ്ട് അശോകന്. ടെലികോം ഡിപ്പാർട്മെന്റിന് വേണ്ടി റോഡ് കുത്തി പൊളിച്ച് കഷ്ടപ്പെട്ടു ജീവിച്ച ദിവസങ്ങൾ. അന്ന് ലഭിച്ച ആറുരൂപ കൂലി, ഇന്നത്തെ കണക്കിൽ ആറുകോടിയോളം വിലമതിക്കുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിന്.
വലിയ ദാരിദ്ര്യത്തിൽ നിന്നാണ് കലാഭവനിലേക്കും പിന്നീട് ഹരിശ്രീയിലേക്കും അശോകൻ എത്തിയത്. ടെലികോം വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് സിനിമയെന്ന സ്വപ്നം മനസ്സിൽ ഉറച്ചത്. സഹോദരിയുടെ കമ്മൽ പണയം വച്ചുണ്ടാക്കിയ പണവുമായി മദ്രാസിലേക്കുള്ള ആദ്യ യാത്ര നടത്തി. അവസരം നൽകാമെന്ന് പറഞ്ഞ ഒരു നിർമാതാവിനെ വിശ്വസിച്ചെങ്കിലും, ആ വാക്ക് പാലിക്കപ്പെട്ടില്ല. ആ കാലത്ത് ആത്മഹത്യയുടെ അതിരുവരെ താൻ എത്തിപ്പെട്ടുവെന്ന് അശോകൻ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്.
കാലം മാറി. നാലുപേർ അറിയുന്ന നടനായി അശോകൻ മാറിയപ്പോൾ, ഇതേ നിർമാതാവ് വീണ്ടും അദ്ദേഹത്തെ തേടിയെത്തി. എന്നാൽ അന്ന് തന്റെ മധുരപ്രതികാരം അശോകൻ ശാന്തമായി തന്നെ വീട്ടിയെടുത്തു. ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ‘പാർവതി പരിണയം’ എന്ന ചിത്രത്തിലെ യാചക വേഷം അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ വലിയ വഴിത്തിരിവായി.
‘വൃദ്ധന്മാർ സൂക്ഷിക്കുക’ എന്ന ചിത്രത്തിൽ ദിലീപിനൊപ്പം പ്രധാന വേഷത്തിൽ എത്തിയതോടെ ആ കൂട്ടുകെട്ട് മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട കോംബോകളിലൊന്നായി. തുടർന്ന് രമണൻ, സുന്ദരൻ, സുഗുണൻ, തൊറപ്പൻ കൊച്ചുണ്ണി തുടങ്ങിയ അനവധി കഥാപാത്രങ്ങൾ പിറന്നു—ഒന്നിനൊന്ന് മികച്ചവ. ഇടയ്ക്ക് സിനിമയിൽ നിന്ന് അല്പം വിട്ടുനിന്നെങ്കിലും, ന്യൂജെൻ സിനിമകളിലൂടെ അശോകൻ വീണ്ടും സജീവമായി. അതിനൊപ്പം ചില ബിസിനസ് സംരംഭങ്ങളും അദ്ദേഹം കൈകാര്യം ചെയ്യുന്നു.
രണ്ടുമക്കളാണ് അശോകന്. മകൾ ദുബായിൽ സ്ഥിരതാമസമാണ്, മകൻ അർജുൻ മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായി മാറിക്കൊണ്ടിരിക്കുകയാണ്. ആറുരൂപ കൂലിയിൽ നിന്ന് ഹാസ്യസാമ്രാട്ടിന്റെ സിംഹാസനത്തിലേക്ക് എത്തിയ ഈ ജീവിതകഥ, ഇന്നും അനേകർക്ക് പ്രചോദനമാണ്.