മലയാളികൾക്ക് സുപരിചിതമായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാൽ പിള്ളയും. നടിയും അവതാരകയുമായ പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയ, സോഷ്യൽ മീഡിയയിലും യൂട്യൂബ് വ്ളോഗുകളിലൂടെയും ഏറെ സജീവമാണ്. മുംബൈ പൊലീസ് എന്ന സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധ നേടിയ നിഹാൽ, മോഡലിങ്ങിലും അഭിനയത്തിലും പ്രവർത്തിച്ച ശേഷം ഇപ്പോൾ ബിസിനസിലേക്കാണ് കൂടുതൽ ശ്രദ്ധ തിരിച്ചത്.

പ്രിയയെ ബാധിച്ച അപൂർവമായ ഒരു ആരോഗ്യപ്രശ്നത്തെക്കുറിച്ച് ഇരുവരും നേരത്തെ തന്നെ തങ്ങളുടെ യൂട്യൂബ് വ്ളോഗിലൂടെ തുറന്നുപറഞ്ഞിരുന്നു. അടുത്തിടെ നടത്തിയ വിയറ്റ്നാം യാത്രയ്ക്കിടെയാണ് രോഗാവസ്ഥ വീണ്ടും ഗുരുതരമായതെന്ന് ദമ്പതികൾ പറയുന്നു. ഏറെ നാളുകൾക്ക് ശേഷം പ്രിയയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് യാത്രയ്ക്ക് തയ്യാറായതെന്നും ആവശ്യമായ മരുന്നുകൾ എല്ലാം കരുതിയാണ് യാത്ര തുടങ്ങിയതെന്നും നിഹാൽ വ്യക്തമാക്കി.

ഡോക്ടറുടെ നിർദേശപ്രകാരം ഇടയ്ക്കിടെ വെള്ളം കുടിക്കേണ്ടതുണ്ടായിരുന്നെങ്കിലും യാത്രാസാഹചര്യങ്ങൾ കാരണം അതിന് സാധിക്കാതെ പോയതായി പ്രിയ പറഞ്ഞു. യാത്രയുടെ ആദ്യ രാത്രിയിലാണ് കടുത്ത മുട്ടുവേദന ആരംഭിച്ചത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താനെന്ന് പ്രിയ വ്ളോഗിൽ പറയുന്നു. വേദന അത്രയധികമായതിനാൽ പെയിൻ കില്ലർ പോലും കഴിക്കാൻ സാധിച്ചില്ലെന്നും സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും പ്രിയ വെളിപ്പെടുത്തി.

നിഹാൽ ഉറക്കത്തിലായിരുന്ന സമയത്ത് ഒരുവിധം എഴുന്നേൽപ്പിച്ചാണ് സഹായം തേടിയത്. ഇത്രയധികം വേദനയിൽ പൊട്ടിക്കരയുന്ന പ്രിയയെ ആദ്യമായാണ് നിഹാൽ കാണുന്നതെന്നും ഇരുവരും പറഞ്ഞു. നാട്ടിലിരിക്കുമ്പോൾ സമാനമായ മുട്ടുവേദന ഉണ്ടായിരുന്നെങ്കിലും മരുന്ന് കഴിച്ചതോടെ അത് മാറിയിരുന്നുവെന്നും അന്നത്തെ പെയിൻ കില്ലർ തന്നെയാണ് യാത്രയ്ക്ക് കരുതിയതെന്നും പ്രിയ കൂട്ടിച്ചേർത്തു.

തങ്ങൾ താമസിച്ചിരുന്ന റിസോർട്ടിലേക്ക് പിന്നീട് ഒരു ഡോക്ടർ എത്തി ക്രീം പുരട്ടി മസാജ് ചെയ്തതായും, പൂർണ വിശ്രമം എടുത്താൽ മാത്രമേ അസുഖം മാറുകയുള്ളൂവെന്ന് ഡോക്ടർ നിർദേശിച്ചതായും പ്രിയ പറഞ്ഞു. വേദന കുറച്ചുകൂടി കുറഞ്ഞെങ്കിലും വീണ്ടും ഇതുപോലെ അവസ്ഥ ഉണ്ടാകുമോ എന്ന ഭയം കാരണം കിടക്കയിൽ നിന്ന് ഇറങ്ങാൻ പോലും പേടിയുണ്ടായിരുന്നുവെന്നാണ് പ്രിയയുടെ തുറന്നുപറച്ചിൽ.

തനിക്കുള്ള അനുഭവം പങ്കുവെച്ച് യാത്ര പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും, ആരോഗ്യപ്രശ്നങ്ങളുള്ളവർ ഡോക്ടറെ കൺസൾട്ട് ചെയ്ത ശേഷം മാത്രമേ യാത്രകൾ ആസൂത്രണം ചെയ്യാവൂ എന്നും പ്രിയ മുന്നറിയിപ്പ് നൽകി. മറ്റൊരു സ്ഥലത്ത് എത്തിയാൽ ആവശ്യമായ ആശുപത്രിയോ ഡോക്ടർമാരെയോ ഉടൻ ലഭിക്കണമെന്നില്ലെന്നും അതിനാൽ ആവശ്യമായ എല്ലാ മരുന്നുകളും മുൻകരുതലുകളും നിർബന്ധമായും കരുതണമെന്നും പ്രിയ പറഞ്ഞു.