ഷോപ്പില്‍ കയറി സമയം കളയാതെ വീട്ടിലിരുന്ന് സാധനങ്ങള്‍ കൈപ്പറ്റാനാകുന്നതാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ ഏറ്റവും വലിയ സൗകര്യം. ഭക്ഷണവസ്തുക്കളും പലചരക്കുകളും വസ്ത്രങ്ങളുമെല്ലാം ഇന്ന് ഒരു ആപ്പിന്റെ സ്പര്‍ശത്തില്‍ ലഭിക്കും. എന്നാല്‍ ചെറിയൊരു പിഴവോ, ആശയവിനിമയത്തിലെ തെറ്റോ സംഭവിച്ചാല്‍ ആ സൗകര്യം നിമിഷങ്ങള്‍ക്കകം തമാശയായി മാറും.

ഇത്തരത്തിലൊരു അനുഭവമാണ് സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത പിറന്നാള്‍ കേക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജന്മദിനാഘോഷത്തിനായി ഒരു യുവതിക്കായി സുഹൃത്ത് ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് ഇഷ്ടപ്പെട്ട കേക്ക് തിരഞ്ഞെടുക്കുകയും, കേക്കിന് മുകളില്‍ എഴുതേണ്ട സന്ദേശം ചേര്‍ത്ത് പണമടയ്ക്കുകയും ചെയ്തു. എല്ലാം ശരിയായി ചെയ്തുവെന്ന് കരുതിയെങ്കിലും, കേക്ക് കൈവന്നപ്പോള്‍ സംഭവിച്ചത് ആരും പ്രതീക്ഷിച്ചതല്ല.

‘ഹാപ്പി ബര്‍ത്ഡേ’ എന്നെഴുതേണ്ട സ്ഥാനത്ത്, ഡെലിവറി നിര്‍ദേശമായ ‘ലീവ് അറ്റ് സെക്യൂരിറ്റി’ എന്ന വാചകമാണ് കേക്കില്‍ പതിഞ്ഞിരുന്നത്. ഇത് കണ്ടതോടെ യുവതിക്കും സുഹൃത്തുക്കള്‍ക്കും ചിരി അടക്കാനായില്ല. ആ അമ്പരപ്പും ചിരിയും പങ്കുവയ്ക്കാനായി അവര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു, ഇതോടെയാണ് സംഭവം വൈറലായത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് തങ്ങള്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ഒരാള്‍ റൈറ്റ് 'ഹാപ്പി ബര്‍ത്ഡേ മോം’ എന്ന് എഴുതണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കേക്കില്‍ ‘റൈറ്റ് ഹാപ്പി ബര്‍ത്ഡേ മോം’ എന്ന് എഴുതിവന്നതായും, മറ്റൊരാള്‍ക്ക് ‘ഹാന്‍ഡില്‍ വിത് കെയര്‍’ എന്ന വാചകമാണ് കേക്കില്‍ ലഭിച്ചതായും പങ്കുവച്ചു.

എന്തായാലും ഇത്തരം ഓണ്‍ലൈന്‍ പിഴവുകള്‍ പലപ്പോഴും ഒരു ആഘോഷം നശിപ്പിക്കുന്നതിനേക്കാള്‍ ഒരു നല്ല ചിരിക്ക് വഴിയൊരുക്കുന്നുവെന്നാണ് സോഷ്യല്‍മീഡിയയിലെ പൊതുവായ പ്രതികരണം.