ബാലതാരമായി മലയാള സിനിമയിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നിവേദ തോമസ് ഇന്ന് തെലുങ്ക് സിനിമാ രംഗത്തെ ഏറ്റവും തിരക്കേറിയതും താരമൂല്യമുള്ളതുമായ നടിമാരിലൊരാളാണ്. അഭിനയമികവിനൊപ്പം തന്നെ തന്റെ വ്യക്തിത്വവും ചിന്താഗതികളും തുറന്നുപറയുന്ന നിവേദയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നും ശ്രദ്ധേയമാണ്.
നിവേദയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. വ്യത്യസ്തമായ സാരി ഡ്രാപ്പിങ്, തലയിൽ മുല്ലപ്പൂവുകൾ, ലളിതമായെങ്കിലും ആകർഷകമായ മേക്കപ്പ് — എല്ലാം ചേർന്ന ചിത്രങ്ങൾ നിവേദ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവച്ചത്. എന്നാൽ ചിത്രങ്ങളേക്കാൾ കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചത് അവയ്ക്കൊപ്പം നൽകിയ ഹൃദയസ്പർശിയായ അടിക്കുറിപ്പായിരുന്നു.
“ഇന്നെനിക്ക് സാധാരണത്തേക്കാൾ കൂടുതലായി ഒരു കാര്യം പറയാനുണ്ട്” എന്ന വാചകത്തോടെയാണ് നിവേദ തന്റെ കുറിപ്പ് ആരംഭിക്കുന്നത്. പതിവിലും വേഗത്തിൽ മുടി കെട്ടി, കണ്ണുകളുടെ മേക്കപ്പ് കുറച്ചുകൂടെ നന്നാക്കി, സാരി ധരിക്കുന്നതിൽ സ്വയം ‘ബിരുദധാരി’ ആയതുപോലെ തോന്നിയ ഒരു നിമിഷം. അതിനുശേഷം തന്റെ ചില ചിത്രങ്ങൾ പകർത്താൻ ഒരാളോട് ആവശ്യപ്പെട്ടതും അവൾ ഓർത്തെടുക്കുന്നു.
ഇത് അത്ര വലിയ കാര്യമല്ലെന്ന് ആദ്യം തോന്നിയെങ്കിലും, പിന്നീട് ചിന്തിച്ചപ്പോൾ ജീവിതം എന്നത് ഇത്തരം ചെറിയ ചെറിയ നിമിഷങ്ങളുടെ കൂട്ടമാണെന്ന് നിവേദ മനസിലാക്കുകയായിരുന്നു. ആ ചെറിയ കാര്യങ്ങളാണ് പിന്നീട് വലിയ ഓർമ്മകളായി മാറുന്നതും, ഒടുവിൽ നമ്മുടെ ജീവിതത്തിന്റെ മുഴുവൻ രൂപം തന്നെ നിർവചിക്കുന്നതുമെന്നാണ് നിവേദ പറയുന്നത്. അതുകൊണ്ടുതന്നെ ഇത്തരം നിമിഷങ്ങൾ തനിക്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും നടി വ്യക്തമാക്കുന്നു.
ഈ കുറിപ്പ് വായിക്കുന്നവരിൽ ചിലർക്കെങ്കിലും “ഇത് എനിക്കും തോന്നിയിട്ടുണ്ട്” എന്നൊരു വികാരം ഉണ്ടാകുന്നുണ്ടെങ്കിൽ അതാണ് തന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നതെന്നും, അത്തരം ചെറിയ തിരിച്ചറിവുകളും സന്തോഷങ്ങളുമാണ് ജീവിതത്തെ മനോഹരമാക്കുന്നതെന്നും നിവേദ കൂട്ടിച്ചേർക്കുന്നു.
ജയറാം, മോഹൻലാൽ, കമൽ ഹാസൻ, രജിനികാന്ത് തുടങ്ങിയ ഇന്ത്യൻ സിനിമയിലെ മഹാനടന്മാരുടെ മകളായി അഭിനയിച്ച അപൂർവ നേട്ടവും നിവേദ തോമസിനുണ്ട്. കഥാപാത്രങ്ങൾക്കായി ശാരീരികമായും മാനസികമായും ഏത് മാറ്റത്തിനും തയ്യാറാണെന്ന് ‘35’ എന്ന ചിത്രത്തിലൂടെ നിവേദ വീണ്ടും തെളിയിച്ചു. രണ്ട് കുട്ടികളുടെ അമ്മയായി അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരെയും വിമർശകരെയും ഒരുപോലെ വിസ്മയിപ്പിച്ചു.
‘35’ ലെ അഭിനയത്തിനായി നിവേദ തോമസിനെ തേടി നിരവധി പ്രശംസകളും അംഗീകാരങ്ങളും എത്തിയതോടെ, അഭിനയത്തിന്റെ മറ്റൊരു ഉയരത്തിലേക്കാണ് താരം എത്തിച്ചേരുന്നത്. ചെറിയ കാര്യങ്ങളിലെ സന്തോഷം തിരിച്ചറിയാൻ പഠിപ്പിക്കുന്ന നിവേദയുടെ വാക്കുകൾ പോലെ തന്നെ, അവരുടെ അഭിനയ യാത്രയും ഇന്ന് പലർക്കും പ്രചോദനമായി മാറിയിരിക്കുകയാണ്.
നിവേദ തോമസിനെ കുറിച്ച് കൂടുതൽ അറിയാൻ: നിവേദ തോമസ്