സുഹൃത്തിനെ സന്ദർശിക്കുന്നതിനായി ചൈനയിലെത്തിയ ഇന്ത്യൻ ട്രാവൽ വ്ലോഗറെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ചോദ്യം ചെയ്തതായി ആരോപണം. സോഷ്യൽ മീഡിയയിൽ നടത്തിയ ഒരു പരാമർശമാണ് ഈ ദുരനുഭവത്തിന് കാരണമായതെന്ന് വ്ലോഗർ പറയുന്നു. ‘ഓൺ റോഡ് ഇന്ത്യൻ’ എന്ന പേരിൽ അറിയപ്പെടുന്ന അനന്ത് മിത്തലാണ് ചൈനയിൽ നേരിട്ട കഠിന അനുഭവം പുറത്തുവിട്ടത്.
ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് മിത്തൽ സംഭവവിവരങ്ങൾ പങ്കുവെച്ചത്. നവംബർ 16ന് ചൈനയിലെ ഗുവാങ്‌ഷൂ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാകാനിരിക്കെ, പാസ്‌പോർട്ടിൽ സീൽ പതിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഉദ്യോഗസ്ഥർ തന്നെ തടഞ്ഞുവെച്ചതായാണ് മിത്തൽ പറയുന്നത്. പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥർ എത്തി അദ്ദേഹത്തെ പ്രത്യേകമായൊരു തടങ്കൽ മുറിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ വെച്ച് തന്റെ ബാഗുകൾ, മൊബൈൽ ഫോൺ, ക്യാമറ ഉൾപ്പെടെയുള്ള വസ്തുക്കൾ പരിശോധനയ്ക്കായി പിടിച്ചെടുത്തതായും മിത്തൽ പറയുന്നു. ഏകദേശം 15 മണിക്കൂറോളം തനിക്ക് ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും, ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. വീഡിയോയിൽ അനുഭവം വിവരിക്കുമ്പോൾ മിത്തൽ വികാരാധീനനാകുന്നുണ്ട്. “ഒരു മനുഷ്യൻ എത്രത്തോളം നിസ്സഹായനാകാം എന്ന് അന്ന് ഞാൻ മനസിലാക്കി,” എന്നും അദ്ദേഹം പറയുന്നു.
നോർത്ത് ഈസ്റ്റിൽ മൂന്ന് വർഷത്തോളം പഠിച്ച അനുഭവമുള്ള തനിക്ക് ആ പ്രദേശത്തോടുള്ള വികാരബന്ധമാണ് അരുണാചൽ പ്രദേശുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാൻ കാരണമായതെന്നും മിത്തൽ വിശദീകരിച്ചു. മുൻപ് അരുണാചൽ സ്വദേശിയായ ഒരാളെ ചൈനയിൽ തടഞ്ഞുവെച്ച സംഭവത്തെ കുറിച്ച് പ്രതികരിച്ച വീഡിയോയാണ് ചൈനീസ് അധികൃതരെ അസ്വസ്ഥരാക്കിയതെന്നും അദ്ദേഹം പറയുന്നു.
തനിക്ക് യാതൊരു രാഷ്ട്രീയ അജണ്ടയും ഇല്ലെന്നും ലോകം ചുറ്റി കാണുക മാത്രമാണ് ലക്ഷ്യമെന്നുമാണ് ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതെന്ന് മിത്തൽ പറയുന്നു. ഒടുവിൽ നാടുകടത്താതെ തന്നെ സമാധാനപരമായി വിട്ടയച്ചതിന് ചൈനീസ് അധികൃതർക്കു നന്ദിയുണ്ടെന്നും, എന്നാൽ ആ അനുഭവം ഇന്നും തന്നെ മാനസികമായി വേട്ടയാടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. “ഇന്നും അതിനെക്കുറിച്ച് ഓർക്കുമ്പോൾ കരച്ചിലടക്കാൻ കഴിയുന്നില്ല,” എന്നും മിത്തൽ വീഡിയോയിൽ പറയുന്നു.
ഇന്ത്യയിൽ സുരക്ഷിതമായി തിരിച്ചെത്തിയ അനന്ത് മിത്തൽ, രാഷ്ട്രീയമായി സെൻസിറ്റീവ് ആയ വിഷയങ്ങളിൽ ഇടപെടുമ്പോൾ മറ്റ് വ്ലോഗർമാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. “ആ സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് ഞാൻ ഇതുവരെ പൂർണമായി മുക്തനായിട്ടില്ല,” എന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.