സാധാരണയായി ഉപയോഗശൂന്യമെന്നു കരുതി ഉപേക്ഷിക്കപ്പെടുന്ന പല വസ്തുക്കളും വീണ്ടും പ്രയോജനപ്പെടുത്താൻ കഴിയുന്നതാണെന്നത് പലർക്കും അറിയില്ല. വീടുകൾ അലങ്കരിക്കുന്നതിനായോ മറ്റ് ആവശ്യങ്ങൾക്കായോ ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നവരും ഉണ്ട്. സമ്പന്നർ താമസിക്കുന്ന പ്രദേശത്തെ മാലിന്യകൂട്ടത്തിൽ നിന്ന് ലഭിച്ച അതീവ വിലയേറിയ കണ്ടെത്തലിനെക്കുറിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ശ്രദ്ധ നേടുന്നത്.
ഇൻഫ്ലുവൻസറായ ക്ലൗഡിയ വൺ പങ്കുവച്ച ഈ വീഡിയോയിൽ, ആഡംബര വസ്തുക്കൾ ഉപേക്ഷിക്കപ്പെട്ടേക്കാമെന്നൊരു ചെറിയ കൗതുകത്തോടെയാണ് അവൾ മാലിന്യം ശേഖരിക്കാൻ പുറപ്പെട്ടതെന്ന് പറയുന്നു. യാതൊരു വലിയ പ്രതീക്ഷയും ഇല്ലാതെയായിരുന്നു അവളുടെ യാത്ര. എന്നാൽ മാലിന്യകൂട്ടത്തിന് സമീപത്ത് നിന്ന് അല്പം കേടുപാടുകൾ മാത്രമുള്ള ഒരു പേഴ്സ് ക്ലൗഡിയക്ക് ലഭിച്ചു. വിശദമായി പരിശോധിച്ചപ്പോൾ അത് പ്രശസ്ത ബ്രാൻഡായ ക്രിസ്റ്റ്യൻ ലൂബൂട്ടിന്റെ ഉൽപ്പന്നമാണെന്ന് തിരിച്ചറിഞ്ഞു.
അതോടൊപ്പം അതേ ബ്രാൻഡിന്റെ മറ്റൊരു വസ്തുവും ഒരു ഹെഡ്‌ബാൻഡും അവൾക്ക് കണ്ടെത്താൻ സാധിച്ചു. ഈ വസ്തുക്കളുടെ വിപണി വില 1,590 ഡോളറോളം വരുമെന്നും, ഇന്ത്യൻ കറൻസിയിൽ അത് ഏകദേശം 1.42 ലക്ഷം രൂപയാണെന്നും ക്ലൗഡിയ വീഡിയോയിൽ വ്യക്തമാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ വിലയേറിയ മറ്റ് സാധനങ്ങളും അവൾ കണ്ടെത്തി. ഒരു ആഡംബര തൊട്ടിൽ, ചെറിയ കേടുപാടുകൾ സംഭവിച്ച മേശ, കസേര, കിടക്ക എന്നിവയും മാലിന്യത്തിൽ നിന്ന് ലഭിച്ചു.
ഇത്രയും വിലയേറിയ വസ്തുക്കൾ ഒരുമിച്ച് ലഭിക്കുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ക്ലൗഡിയ വീഡിയോയിൽ പറയുന്നു. ഈ വീഡിയോയ്ക്ക് താഴെ നിരവധി പ്രതികരണങ്ങളാണ് എത്തുന്നത്. ഇത്ര വിലപിടിപ്പുള്ള വസ്തുക്കൾ ആരെങ്കിലും ഉപേക്ഷിക്കുമോ എന്ന സംശയമാണ് പലരും ഉന്നയിച്ചത്. ഉപേക്ഷിക്കുന്നതിന് മുൻപ് ഇത്തരം വസ്തുക്കൾ പുനരുപയോഗിക്കാൻ കഴിയുമോയെന്ന് പരിശോധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും നിരവധി പേർ അഭിപ്രായപ്പെട്ടു.
അതേസമയം, മാലിന്യകൂട്ടത്തിൽ നിന്നല്ല, മോഷണം നടന്നതിനു ശേഷം ആരോ ഉപേക്ഷിച്ചതാകാമെന്ന സംശയവും ചിലർ പങ്കുവച്ചു. എന്തായാലും, ക്ലൗഡിയയുടെ കണ്ടെത്തൽ പുനരുപയോഗത്തിന്റെയും മാലിന്യ സംസ്കരണത്തിന്റെയും പ്രാധാന്യം വീണ്ടും ചർച്ചയാക്കുകയാണ്.