എല്ലാ പ്രണയബന്ധങ്ങളും ഒടുവിൽ വിവാഹത്തിലേക്ക് എത്തണമെന്നില്ല. ചിലർ പരസ്പര ബോധ്യത്തോടെ വേർപിരിയുകയും പിന്നീട് സൗഹൃദം നിലനിർത്തുകയും ചെയ്യാറുണ്ട്. എന്നാൽ അത്തരമൊരു സൗഹൃദം ഒരു യുവതിക്ക് തന്നെ വലിയ വിവാദമായി മാറിയ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

വിവാഹ ചടങ്ങിന്റെ ഭാഗമായി നടന്ന ഫോട്ടോഷൂട്ടിനിടെയാണ് സംഭവം നടന്നത്. പൂക്കളാൽ അലങ്കരിച്ച വേദിയിൽ ഇന്തോനേഷ്യൻ പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ച വധുവും വരനും നിൽക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വരന്റെ സമീപത്ത് അദ്ദേഹത്തിന്റെ മുൻകാമുകിയും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നുണ്ടായിരുന്നു.

ഫോട്ടോ എടുത്തതിന് ശേഷം യുവതി വരന് കൈ കൊടുക്കുകയും തുടർന്ന് കൈയിൽ ചുംബിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ആ നിമിഷത്തിലാണ് കാര്യങ്ങൾ അപ്രതീക്ഷിതമായി വഴിത്തിരിവ് പിടിച്ചത്. ഇത് കണ്ട വധു പെട്ടെന്ന് തന്നെ യുവതിയുടെ മുടിയിൽ പിടിച്ച് നിലത്തേക്ക് വലിച്ചിടുന്ന ദൃശ്യങ്ങളാണ് തുടർന്ന് പ്രത്യക്ഷപ്പെടുന്നത്.

വധുവിന്റെ ഈ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്. ഇന്തോനേഷ്യൻ സംസ്കാരത്തിൽ കൈയിൽ ചുംബിക്കുക എന്നത് ആദരസൂചകമായ ഒരു ആചാരമാണ്. സാധാരണയായി മുതിർന്നവർക്കോ, ദമ്പതികൾക്കിടയിലോ ഇത്തരം ചുംബനം പതിവാണ്. എന്നാൽ മുൻകാമുകി വിവാഹ വേദിയിൽ വരനോട് ഇത്തരത്തിൽ സമീപിച്ചതാണ് വധുവിനെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തൽ.

ഇന്തോനേഷ്യയിൽ നിന്നുള്ള ഈ വീഡിയോ നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറി, വിവിധ പ്രതികരണങ്ങളും അഭിപ്രായങ്ങളും ഉയരുകയാണ്.