സോഷ്യൽ മീഡിയയിൽ വീണ്ടും ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകർന്നു ‘കിഴക്ക് സൂര്യനുദിച്ചല്ലോ’ എന്ന ഗാനത്തിന് കന്യാസ്ത്രീകൾ അവതരിപ്പിച്ച ഉത്സാഹഭരിതമായ നൃത്തം. ഏഴ് കന്യാസ്ത്രീകൾ ഉൾപ്പെട്ട സംഘത്തിന്റെ റീൽ ഇതിനോടകം തന്നെ വൻ ശ്രദ്ധ നേടിക്കഴിഞ്ഞു.
ക്രിസ്മസ് അലങ്കാരങ്ങളാൽ മനോഹരമായി ഒരുക്കിയ മുറിയിൽ നിന്നാണ് ഈ നൃത്തവിഡിയോ പകർത്തിയിരിക്കുന്നത്. “ക്രിസ്മസ് ആശംസകൾ” എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്തതിനു പിന്നാലെ തന്നെ നിരവധി ആളുകൾ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയതോടെ വിഡിയോ അതിവേഗം വൈറലായി.
ഇതിനു മുൻപും കൊച്ചി കുമ്പളങ്ങിയിൽ നിന്നുള്ള ഈ കന്യാസ്ത്രീ സംഘം നിരവധി ശ്രദ്ധേയമായ റീലുകളുമായി സോഷ്യൽ മീഡിയയിൽ ഇടം നേടിയിട്ടുണ്ട്. സന്തോഷവും ആത്മാർത്ഥതയും നിറഞ്ഞ ഇവരുടെ അവതരണങ്ങൾക്കാണ് ആരാധകർ കൂടുതൽ കൈയടിക്കുന്നത്.
റാപ്പർ ഫെജോ അവതരിപ്പിച്ച ‘വഴികാട്ടി’ എന്ന റാപ്പിലൂടെ ‘കിഴക്ക് സൂര്യനുദിച്ചല്ലോ’ എന്ന ഗാനം വീണ്ടും ജനപ്രിയത നേടുകയായിരുന്നു. ഈ ക്രിസ്മസ് സീസണിലെ ഏറ്റവും വലിയ വൈബ് ഗാനങ്ങളിലൊന്നായി ഇത് മാറി. സെലിബ്രിറ്റികളും സാധാരണക്കാരും ഉൾപ്പെടെ അനവധി പേർ ഈ ഗാനത്തിന് ചുവടുവച്ച് റീലുകൾ പങ്കുവച്ചിരുന്നു.
വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ‘സഞ്ചാരി’ എന്ന ക്രിസ്തീയ ആൽബത്തിലേതാണ് ‘കിഴക്ക് സൂര്യനുദിച്ചല്ലോ’ എന്ന ഗാനം. ആലപ്പുഴ അരൂർ മണ്ഡലത്തിലെ എംഎൽഎ ദലീമ ആലപിച്ച ഈ ഗാനത്തിലെ പഴയ ഭാഗമാണ് റാപ്പിന്റെ അകമ്പടിയോടെ ഫെജോ പുതുമയോടെ അവതരിപ്പിച്ചത്. ഇതോടെ പഴയൊരു ഗാനം പുതുതലമുറയ്ക്കിടയിൽ വീണ്ടും ആഘോഷഗാനമായി മാറുകയായിരുന്നു.