അയ്യപ്പഭക്തിയുടെ ആത്മാവിനെ സംഗീതത്തിലൂടെ ഹൃദയങ്ങളിൽ എത്തിക്കുന്ന ഒരു ഗായകന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ. ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’ എന്ന ഭക്തിഗാനമാണ് ആ ഗായകൻ വിസ്മയകരമായി ആലപിക്കുന്നത്. “എല്ലാവരുടെയും ചുണ്ടുകളിൽ സാമവേദം” എന്ന അടിക്കുറിപ്പോടെയാണ് എം.ജി ശ്രീകുമാർ ഈ വിഡിയോ പങ്കുവച്ചത്.

ഗാനത്തിന്റെ ഓരോ വരിയിലും നിറഞ്ഞുനിൽക്കുന്ന ഭക്തിയും ഭാവസാന്ദ്രതയും ആസ്വാദകരെ ആഴത്തിൽ സ്പർശിക്കുന്നതാണ്. ‘സാമവേദം’ എന്ന ഗാനത്തിന്റെ ആത്മാർഥമായ ആലാപനത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങളുടെ ഒഴുക്കാണ്. ഗായകന്റെ കഴുത്തിലെ കൊന്തമാല ശ്രദ്ധയിൽപ്പെട്ട ആരാധകർ, അദ്ദേഹത്തിന്റെ ആലാപനത്തിൽ ദൈവാനുഗ്രഹത്തിന്റെ സാന്നിധ്യമുണ്ടെന്ന് അഭിപ്രായപ്പെടുന്നു.

അനായാസമായി ഉയർന്ന പിച്ചുകൾ കൈകാര്യം ചെയ്യാനുള്ള കഴിവും ശബ്ദത്തിൽ കാണുന്ന അപൂർവമായ നിയന്ത്രണവും ഏറെ പേരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇത്രയും മനോഹരമായി ഒരു ഭക്തിഗാനം പാടാൻ കഴിയുന്നത് ദൈവം നൽകിയ പ്രത്യേക അനുഗ്രഹമാണെന്ന വിലയിരുത്തലുകളും കമന്റുകളിൽ നിറയുകയാണ്.

ഈ ഗായകന്റെ കഴിവ് പുറംലോകത്തിന് പരിചയപ്പെടുത്തി നൽകിയ എം.ജി ശ്രീകുമാറിനും ആരാധകർ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. ‘സ്വാമി അയ്യപ്പൻ’ എന്ന എം.ജി ശ്രീകുമാർ ആലപിച്ച ആൽബത്തിലെ ഗാനമാണ് ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’. രാജീവ് ആലുങ്കൽ രചന നിർവഹിച്ച ഈ ഗാനം ഭക്തിഗാന പ്രേമികൾ വീണ്ടും വീണ്ടും കേൾക്കുന്ന ഒരു സംഗീതനിധിയാണ്. യുട്യൂബിൽ മാത്രം 16 ദശലക്ഷത്തിലധികം പേർ ഇതിനകം ഈ ഗാനം ആസ്വദിച്ചുകഴിഞ്ഞു.