വീണ്ടും ആവേശം പകരുന്ന ഡാൻസ് പ്രകടനവുമായി സന അൽത്താഫും സുഹൃത്തും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ ‘കല്യാണി’ എന്ന ഗാനത്തിനാണ് ഇത്തവണ ഇരുവരും ചടുലമായ ചുവടുകളുമായി എത്തിയത്. സനയുടെയും സുഹൃത്തിന്റെയും എനർജറ്റിക് മൂവ്സും മുഖഭാവങ്ങളും വിഡിയോയെ ഏറെ ശ്രദ്ധേയമാക്കുന്നു.
ഡാൻസ് വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. “ഈ പാട്ടിനുള്ള ഏറ്റവും മികച്ച ഡാൻസ് ഇതാണ്”, “ഓരോ തവണയും ഇവർ സൂപ്പറാവുകയാണല്ലോ” തുടങ്ങിയ കമന്റുകളാണ് വിഡിയോയ്ക്ക് കീഴിൽ നിറയുന്നത്. കഴിഞ്ഞ ദിവസവും സനയും സുഹൃത്തും ചേർന്ന് ചെയ്ത മറ്റൊരു ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ്ങായ മലയാളം ഹിപ്പ് ഹോപ്പ് റാപ്പ് ഗാനമാണ് ‘കല്യാണി’. സെലിബ്രിറ്റികളടക്കം നിരവധി പേർ ഈ പാട്ടിന് ചുവടുവെച്ച് വിഡിയോകൾ പങ്കുവച്ചിട്ടുണ്ട്. സുഹാസ് മൊയ്തീനും റാപ്പർ ഫിഫ്റ്റി 4ഉം ചേർന്നെഴുതിയ വരികൾക്ക് അർജൻ, കെഡിഎസ്, ഫിഫ്റ്റി 4, റോൺ എന്നിവർ ചേർന്നാണ് ശബ്ദം നൽകിയത്. യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യയുടെ ബാനറിലാണ് ഗാനം പുറത്തിറങ്ങിയത്.
‘വിക്രമാദിത്യൻ’ എന്ന ചിത്രത്തിൽ ദുൽഖറിന്റെ സഹോദരിയായി അഭിനയിച്ചുകൊണ്ടാണ് സന അൽത്താഫ് സിനിമാരംഗത്തേക്ക് എത്തിയത്. പിന്നീട് ‘മറിയം മുക്കിൽ’ ഫഹദ് ഫാസിലിന്റെ നായിക സലോമിയായി പ്രേക്ഷക ശ്രദ്ധ നേടി. ‘റാണി പദ്മിനി’, ‘ബഷീറിന്റെ പ്രേമലേഖനം’, ‘ഒടിയൻ’ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ സന കൈകാര്യം ചെയ്തു. തമിഴിലും ‘ചെന്നൈ 28 – രണ്ടാം ഭാഗം’, ‘ആർകെ നഗർ’ എന്നീ ചിത്രങ്ങളിലൂടെ സന തന്റെ സാന്നിധ്യം ഉറപ്പിച്ചു.
നടൻ ഹക്കീം ഷാജഹാനുമായുള്ള സനയുടെ രജിസ്റ്റർ വിവാഹവും നേരത്തെ വലിയ വാർത്തയായി മാറിയിരുന്നു.