നടന്മാരായ നീരജ് മാധവും ആന്റണി വർഗീസ് പെപ്പെയും ഒരുമിച്ചുള്ള ക്രിസ്മസ് ആഘോഷ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അങ്കമാലിയിൽ കാരൾ സംഘത്തോടൊപ്പം ആഘോഷം നടത്തുന്ന ഇരുവരുടെയും വീഡിയോ നീരജ് മാധവ് തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വീഡിയോക്ക് പ്രതികരിച്ച പേളി മാണി “ഇത് ഏത് യൂണിവേഴ്സാണ്?” എന്ന കമന്റാണ് ഇട്ടത്. അതിന് മറുപടിയായി “ചെറിയൊരു ക്രോസ് ഓവർ” എന്നാണ് നീരജ് പറഞ്ഞത്.

“അങ്കമാലി ക്രിസ്മസ് പൊളി” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പെപ്പെയെ ടാഗ് ചെയ്തിരിക്കുന്ന പോസ്റ്റിൽ ‘നൻപൻഡാ’ എന്ന ഹാഷ് ടാഗും ചേർത്തിട്ടുണ്ട്. ക്രിസ്മസ് ആഘോഷത്തിനിടെ നിരവധി വൈബ് പാട്ടുകൾക്ക് ഇരുവരും ചുവടുവയ്ക്കുന്നുണ്ട്. ‘നരസിംഹം’ സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ “വേൽമുരുകാ ഹരോഹര”ക്കും, നീരജും പെപ്പെയും ഒരുമിച്ച് അഭിനയിച്ച ‘ആർഡിഎക്‌സ്’ സിനിമയിലെ “സീൻ മോനെ” എന്ന ഗാനത്തിനുമാണ് ഇരുവരും നൃത്തം ചെയ്യുന്നത്.

ഈ വീഡിയോയ്ക്ക് ആരാധകർ നിറഞ്ഞ പ്രതികരണങ്ങളാണ് നൽകുന്നത്. “അങ്കമാലി ക്രിസ്മസ് ഇവർ തൂക്കി”, “ഇത് അങ്കമാലി യൂണിവേഴ്സാണ്”, “പള്ളിയിലങ്ങാടി ടീംസ് ഇറങ്ങി”, “90സ് കിഡ്സും 2കെ കിഡ്സും വിട്ടുകൊടുക്കില്ല” എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.