മലയാളിയായ ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഖിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പാൻ ഇന്ത്യൻ തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ്. ‘ധുരന്ദർ’ സിനിമയിലെ അറബിക് ഗാനമായ ‘FA9LA’ അതിമനോഹരമായി ആലപിച്ചാണ് അഖിൽ പ്രേക്ഷകരുടെ കയ്യടി നേടിയത്. അദ്ദേഹത്തിന്റെ പാട്ട് വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.

“നമുക്കേ, പാൻ ഇന്ത്യ കത്തിച്ചാലോ” എന്ന തമാശ നിറഞ്ഞ ചോദ്യത്തോടെയാണ് അഖിൽ പാട്ട് തുടങ്ങുന്നത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വൈറലായി മാറി. ഇതിനകം ഏഴ് ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഇന്ത്യയുടെ അതിർത്തികളും കടന്ന് വീഡിയോ പ്രചരിക്കുകയാണെന്ന് കമന്റുകളിലൂടെ ആരാധകർ വ്യക്തമാക്കുന്നു. “ഈ ശബ്ദം എ.ഐ ആണോ?” എന്ന തരത്തിലുള്ള രസകരമായ പ്രതികരണങ്ങളും പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.

‘ധുരന്ദർ’ സിനിമയിലെ ‘FA9LA’ എന്ന അറബി ഗാനവും അതിനൊപ്പം അക്ഷയ് ഖന്ന അവതരിപ്പിച്ച ഡാൻസും നേരത്തെ തന്നെ ഇൻസ്റ്റഗ്രാമിൽ ട്രെൻഡായിരുന്നുവെന്ന് ശ്രദ്ധേയമാണ്. സിനിമയിലെ രംഗങ്ങൾ അനുകരിച്ച് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേർ വീഡിയോകൾ പങ്കുവച്ചിരുന്നു. അത്തരം ട്രെൻഡുകൾക്കിടയിലാണ് അറബി ഗാനം സ്വാഭാവിക ലാളിത്യത്തോടെ പാടി അഖിൽ ശ്രദ്ധേയനായത്.

ഫ്ലിപ്പരാച്ചി എന്ന പേരിൽ അറിയപ്പെടുന്ന ഹുസം അസീം ആണ് ഈ അറബിക് ഗാനം കമ്പോസ് ചെയ്തിരിക്കുന്നത്. ചടുലമായ അറബിക് ബീറ്റുകളും ശക്തമായ വരികളും പാട്ടിന്റെ പ്രധാന ആകർഷണങ്ങളാണ്. അതിനൊപ്പം അക്ഷയ് ഖന്നയുടെ തനതായ ചുവടുകളും ചേർന്നപ്പോൾ ‘FA9LA’ ഗാനം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. അഖിലിന്റെ വീഡിയോയ്ക്ക് വലിയ അഭിനന്ദനങ്ങളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.