‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’ എന്ന അയ്യപ്പഭക്തിഗാനം ആലപിച്ച് സോഷ്യൽ മീഡിയയിൽ മിന്നിത്തിളങ്ങിയ ഗായകനെ ആരാധകർ കണ്ടെത്തി. തൃശൂർ സ്വദേശിയായ വിൽസനാണ് ഈ മനോഹരമായ ആലാപനത്തിലൂടെ ഒരുദിവസം കൊണ്ടുതന്നെ കേരളമെങ്ങുമുള്ള സംഗീതപ്രേമികളുടെ മനസ്സ് കീഴടക്കിയത്. സർക്കാർ ഓഫീസിനുള്ളിൽ നിന്ന് ‘സാമവേദം’ പാടുന്ന വിൽസന്റെ വിഡിയോയാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ വൈറലായത്. പിന്നാലെ, മറ്റ് ഗാനങ്ങൾ ആലപിക്കുന്ന വിൽസന്റെ വിഡിയോകളും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.

പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാർ വിൽസന്റെ പാട്ട് പാടുന്ന വിഡിയോ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചതോടെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ഉണ്ടായത്. ഹൈ പിച്ചിൽ പോലും ശബ്ദനിയന്ത്രണം കൈവിടാതെ പാടുന്ന കഴിവിനെയും സ്വരത്തിലെ പക്വതയെയും പ്രശംസിച്ച് പലരും വിൽസനെ ‘അനുഗ്രഹീത കലാകാരൻ’ എന്നുവിശേഷിപ്പിച്ചു. വിൽസന്റെ ശബ്ദത്തിന് സംഗീതാധ്യാപകൻ വിദ്യാധരൻ മാഷിന്റെ ശബ്ദത്തോടുള്ള സാമ്യം ഉണ്ടെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.

എം.ജി. ശ്രീകുമാർ ആലപിച്ച ‘സ്വാമി അയ്യപ്പൻ’ ആൽബത്തിലെ ഗാനമായ ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’ രാജീവ് ആലുങ്കൽ രചിച്ചതാണ്. ആവർത്തിച്ച് കേൾക്കപ്പെടുന്ന ഈ ഗാനം യുട്യൂബിൽ മാത്രം 16 ദശലക്ഷത്തിലധികം പേർ ആസ്വദിച്ചുകഴിഞ്ഞു.