സമൂഹമാധ്യമ ലോകത്ത് വലിയ ആരാധകവൃന്ദമുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ കുടുംബത്തിലെ ഓരോ അംഗവും സജീവമായതോടെ, പ്രേക്ഷകർക്ക് ഇവർ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ തന്നെ അടുത്തവരായി മാറിയിരിക്കുകയാണ്. പൊതുപ്രവർത്തനങ്ങളിലും അഭിനയത്തിലും തിരക്കിലായ കൃഷ്ണകുമാറിനൊപ്പം, ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിവരും തങ്ങളുടെ ദിനചര്യയും സന്തോഷനിമിഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
സിന്ധു കൃഷ്ണയുടെ യൂട്യൂബ് വ്ളോഗുകൾക്ക് പ്രത്യേക ആരാധകരുണ്ട്. പുതുവർഷത്തോടനുബന്ധിച്ച് സിന്ധു പങ്കുവെച്ച പുതിയ വ്ളോഗും ഏറെ ശ്രദ്ധ നേടുകയാണ്. 2025 തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത, അടിവരയിട്ട് ഓർക്കേണ്ട വർഷമാണെന്ന് സിന്ധു പറയുന്നു. ആ വർഷം അനുഭവിച്ച പല സംഭവങ്ങളുമാണ് തന്റെ ജീവിതത്തെ കൂടുതൽ ശക്തമാക്കിയതെന്നും അവർ തുറന്നു പറഞ്ഞു.
രണ്ടാമത്തെ മകൾ ദിയയുടെ പ്രസവം നേരിട്ട് കാണാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നായിരുന്നുവെന്നും, അത് മരണം വരെ മനസിൽ സൂക്ഷിക്കുന്ന ഓർമയായിരിക്കുമെന്നും സിന്ധു പറയുന്നു. മക്കളുടെ ഓരോ നേട്ടത്തിലും അഭിമാനത്തോടെ നിൽക്കുന്ന അമ്മയാണ് താനെന്നും, നാലു പെൺമക്കളുണ്ടെന്ന കാരണത്താൽ ഒരുകാലത്ത് പലരും പരിഹസിച്ചിരുന്നുവെന്നും അവർ ഓർക്കുന്നു. എന്നാൽ ഇന്ന് അതേ മക്കളുടെ വിജയങ്ങൾ കാണുമ്പോൾ ആ വാക്കുകൾക്ക് അർത്ഥമില്ലാതായി മാറിയെന്നും സിന്ധു പറയുന്നു.
2025-ൽ നടത്തിയ യാത്രകളിൽ ഏറ്റവും പ്രിയപ്പെട്ട അനുഭവമായി ജപ്പാൻ യാത്രയെ കുറിച്ചും സിന്ധു മനസുതുറന്നു. “ജപ്പാൻ ട്രിപ്പ് ഞങ്ങൾക്ക് ഒരുപാട് നല്ല ഓർമകൾ തന്ന യാത്രയായിരുന്നു. വീണ്ടും ഒരിക്കൽ അവിടെ പോകാൻ കഴിഞ്ഞാൽ അത്രയധികം സന്തോഷമുണ്ടാകും. ഞാനും അമ്മുവും ഇഷാനിയും ഹൻസികയും മാത്രം ചേർന്ന് യാത്ര ചെയ്യുമ്പോൾ അത് മറ്റൊരു അനുഭവമാണ്. ഞങ്ങൾ എല്ലാവരും വളരെ അഡ്ജസ്റ്റിങ്ങാണ്. ഉറങ്ങാനും ഉഴപ്പാനും ഇഷാനിക്കും ഹൻസുവിനും ഇഷ്ടമാണെങ്കിലും എന്നേയും അമ്മുവിനേയും അനുസരിക്കാൻ കൂടി ഇഷ്ടമുള്ള കൂട്ടത്തിലാണ് അവർ. അതുകൊണ്ട് ഞങ്ങളോടൊപ്പം പോകുന്ന എല്ലാ യാത്രകളും വളരെ സുഖകരമായിരിക്കും,” എന്നാണ് സിന്ധു പറഞ്ഞത്.
കുടുംബവും മക്കളും ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് സിന്ധു കൃഷ്ണയുടെ വാക്കുകൾ.