സമൂഹമാധ്യമങ്ങൾ ഇന്ന് നമ്മുടെ ജീവിതത്തിലെ ഏറ്റവും ചെറിയതും വലിയതുമായ സന്തോഷ നിമിഷങ്ങൾ പോലും പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാനുള്ള പ്രധാന വേദിയായി മാറിക്കഴിഞ്ഞു. അത്തരത്തിൽ ഹൃദയം തൊടുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടുന്നത്.

യുകെയിലെ സ്കോട്ലൻഡിൽ താമസിക്കുന്ന മലയാളിയായ ഷെറിൻ, തന്റെ ഭർത്താവ് ജെറിനോട് താൻ ഗർഭിണിയാണെന്ന സന്തോഷവാർത്ത അറിയിക്കാൻ ഒരുക്കിയ എഐ അടിസ്ഥാനത്തിലുള്ള വിഡിയോയാണ് വൈറലാകുന്നത്. ആലപ്പുഴ മാവേലിക്കര പുന്നമൂട് സ്വദേശിനിയായ ഷെറിനും, ചെട്ടികുളങ്ങര സ്വദേശിയായ ജെറിനും പങ്കിട്ട ജീവിതയാത്രയെ ഒരു മനോഹരമായ ഹ്രസ്വചിത്ര രൂപത്തിലാണ് ഈ വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന 2 മിനിറ്റ് 18 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോ ഇതിനകം തന്നെ മില്യൺ കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. ശ്രീബുദ്ധ എഞ്ചിനിയറിങ് കോളേജിൽ നൂറനാട് പാറ്റൂരിൽ വിദ്യാർത്ഥികളായിരുന്ന കാലത്തെ ഓർമ്മകളിൽ നിന്നാണ് കഥ തുടങ്ങുന്നത്. തുടർന്ന് വിവാഹം, സ്കോട്ലൻഡിലെ പുതിയ ജീവിതം, അവിടെ ആദ്യമായി സ്വന്തമാക്കിയ വീട് തുടങ്ങി നിരവധി അവിസ്മരണീയ നിമിഷങ്ങൾ വിഡിയോയിൽ കോർത്തിണക്കിയിട്ടുണ്ട്.

പിറന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സർപ്രൈസുകളും ദമ്പതികളുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങളും ഈ ദൃശ്യാവിഷ്കാരത്തിൽ മനോഹരമായി അവതരിപ്പിക്കുന്നു. ഒരു സോഫയിൽ ഇരുന്ന് ഏറെ കൗതുകത്തോടെയാണ് ഇരുവരും വിഡിയോ കാണുന്നത്. എന്നാൽ അവസാന നിമിഷം വിഡിയോയുടെ ഭാവം പൂർണ്ണമായും മാറുന്നു.

ഷെറിൻ ഗർഭപരിശോധന നടത്തുന്നതും, അതിന്റെ ഫലം കാണിക്കുന്ന കിറ്റ് ഭർത്താവ് ജെറിന് കൈമാറുന്നതുമാണ് വിഡിയോയുടെ ക്ലൈമാക്സ്. ആ നിമിഷം ജെറിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയും വികാരാധീനനാക്കുകയും ചെയ്തു. സന്തോഷവും കണ്ണീരും ഒരുപോലെ പങ്കിട്ടുകൊണ്ട് ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോ അവസാനിക്കുന്നത്.