ഗായിക മഞ്ജരി ഇത്തവണ ക്രിസ്മസ് ആഘോഷിക്കുന്നത് അയർലൻഡിലാണ്. ആഘോഷങ്ങളുടെ ഭാഗമായുള്ള ക്രിസ്മസ് ഷോപ്പിങ്ങിന്റെ മനോഹരമായ വിഡിയോയും ചിത്രങ്ങളുമാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ‘ക്രിസ്മസിനോട് പ്രത്യേക ഇഷ്ടം’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജരി ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
അയർലൻഡിലെ ഒരു സ്റ്റോറിൽ നിന്ന് ക്രിസ്മസ് ആഘോഷത്തിനാവശ്യമായ സാമഗ്രികൾ തിരഞ്ഞെടുക്കുന്ന മഞ്ജരിയെ വിഡിയോയിൽ കാണാം. വിവിധതരം ക്രിസ്മസ് അലങ്കാര വസ്തുക്കളും ശില്പങ്ങളും കൗതുകത്തോടെ കൈയിലെടുത്തു നോക്കുന്ന താരത്തിന്റെ സന്തോഷ നിമിഷങ്ങളാണ് വിഡിയോയിൽ പകർത്തിയിരിക്കുന്നത്. “ഇറ്റ്സ് ക്രിസ്മസ് ടൈം” എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം അയർലൻഡിലെ ക്രിസ്മസ് ഷോപ്പിങ്ങിനിടെ എടുത്ത നിരവധി ചിത്രങ്ങളും മഞ്ജരി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റുകൾക്ക് നിരവധി ആരാധകരാണ് സ്‌നേഹവും ആശംസകളും അറിയിച്ച് പ്രതികരിക്കുന്നത്.
‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഗായികയാണ് മഞ്ജരി. സിനിമ പിന്നണി ഗാനരംഗത്തും ആൽബം സംഗീതത്തിലും സജീവമായ താരം നിരവധി ഹിറ്റ് ഗാനങ്ങൾ സംഗീതപ്രേമികൾക്ക് സമ്മാനിച്ചിട്ടുണ്ട്.