കരിയറിലെയും വ്യക്തിജീവിതത്തിലെയും ഏറ്റവും കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് ശക്തമായി മുന്നോട്ട് നീങ്ങുന്ന നടിയാണ് ഭാവന. നിരവധി വിവാദങ്ങളും നിയമനടപടികളും ഒരുപാട് കാലമായി നടിയെ പിന്തുടരുന്നുണ്ടെങ്കിലും, അതെല്ലാം മറികടന്ന് ഉറച്ച മനസ്സോടെ, അചഞ്ചലമായ ധൈര്യത്തോടെ ഭാവന തന്റെ യാത്ര തുടരുകയാണ്.

ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്. ഭാവനയെ പുതിയൊരു രീതിയിൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന ചിത്രം എന്ന നിലയിലാണ് ഈ ടീസർ ശ്രദ്ധ നേടുന്നത്. റിയാസ് മാരത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ്, റഹ്മാൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു സയന്റിഫിക് ത്രില്ലർ–മിസ്റ്ററി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

ജനുവരി 30ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ, സെറ ഫിലിപ്പ് എന്ന ഭാവനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. “അവളുടെ ധൈര്യം ഒരിക്കലും വളയുന്നില്ല, അവളുടെ ആവേശം തകരുന്നില്ല; അവൾ പോരാടുന്നു, അവൾക്കൊപ്പം നമ്മളും” എന്ന ശക്തമായ വാചകങ്ങളോടെയാണ് ടീസർ അവസാനിക്കുന്നത്.

23 വർഷത്തെ അഭിനയജീവിതത്തിൽ 89 സിനിമകൾ പിന്നിട്ട ഭാവനയുടെ 90-ാമത്തെ ചിത്രമാണ് ‘അനോമി’. അതുകൊണ്ടുതന്നെ, ഈ ചിത്രം ഭാവനയുടെ കരിയറിലെ ഒരു പുതിയ ഘട്ടമായി മാറുകയാണ്. പൂർണമായും പുതുമയുള്ള ഭാവത്തിലും രൂപത്തിലും നടി എത്തുന്നുവെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ഭാവനയുടെ ഈ ശക്തമായ തിരിച്ചുവരവിന് സിനിമാലോകത്ത് നിന്നുള്ള പിന്തുണയും ആശംസകളും ഒഴുകിയെത്തുകയാണ്. ടീസർ ആദ്യം പങ്കുവച്ചത് നടൻ സൂര്യയും നടി ജ്യോതികയുമായിരുന്നു. “ഭാവനയ്ക്ക് എല്ലാ ആശംസകളും. പുതിയ തുടക്കത്തിനും വിജയത്തിനും സന്തോഷത്തിനും നേരുന്നു” എന്ന കുറിപ്പോടെയാണ് സൂര്യ ടീസർ ഷെയർ ചെയ്തത്. “കാലം രൂപപ്പെടുത്തിയെടുത്ത തിരിച്ചുവരവ് – 2026 ജനുവരി 30” എന്ന വാക്കുകളോടെയാണ് ജ്യോതിക ടീസർ പങ്കുവച്ചത്.

“ഗുഡ് ലക്ക് ഡിയർ” എന്ന സ്നേഹപൂർണ സന്ദേശത്തോടെയാണ് മഞ്ജു വാര്യരും ടീസർ പങ്കുവച്ചത്. ഇതോടൊപ്പം നിരവധി താരങ്ങളും സിനിമാ പ്രവർത്തകരും ഭാവനയ്ക്ക് പിന്തുണയും ആശംസകളും നേർന്ന് രംഗത്തെത്തുന്നുണ്ട്.

View this post on Instagram

A post shared by T-Series South Official (@tseriessouthofficial)