രേണു സുധിയെക്കുറിച്ച് ഒരു പ്രേക്ഷകൻ ചോദിച്ച ചോദ്യത്തിന് കിച്ചു സുധി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ മാധ്യമങ്ങളോട് കൂടുതൽ സംസാരിക്കുന്നതിനെ കുറിച്ച് ഉപദേശം നൽകുമോ എന്നായിരുന്നു പ്രേക്ഷകന്റെ ചോദ്യം. എന്നാൽ, അതിന് വ്യക്തവും തുറന്നുമുള്ള മറുപടിയാണ് കിച്ചു നൽകിയത്.

ഓരോരുത്തർക്കും അവരവരുടെ ഇഷ്ടങ്ങളും രീതികളും ഉണ്ടെന്നും മറ്റൊരാളെ തിരുത്താൻ തനിക്കാകില്ലെന്നും കിച്ചു പറഞ്ഞു. “അത് ഞാൻ എങ്ങനെ പറയും? ഓരോരുത്തരുടെയും ഇഷ്ടം അതല്ലേ. അതിൽ ഇടപെട്ട് പറയേണ്ട കാര്യമില്ല. ഞാൻ എന്റെ ഭാഗത്ത് നല്ല കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നുണ്ട്, അത്രയേ ഉള്ളൂ. മറ്റുള്ളവരെ തിരുത്താൻ എന്നെക്കൊണ്ട് പറ്റില്ല. ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുകയാണ്,” എന്നാണ് കിച്ചുവിന്റെ വാക്കുകൾ.

സ്വന്തം ജീവിതം പ്രശ്നങ്ങളില്ലാതെ ആസ്വദിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തനിക്ക് ഇഷ്ടമെന്നും, ഓരോ വിഷയത്തിലും ഇടപെട്ട് വെറുതെ ബുദ്ധിമുട്ടാൻ തനിക്ക് കഴിയില്ലെന്നും കിച്ചു തുറന്നു പറഞ്ഞു. “എനിക്ക് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് നിങ്ങൾ പറയൂ, തിരുത്താം. പക്ഷേ മറ്റുള്ളവരുടെ കാര്യങ്ങളിൽ കയറി അഭിപ്രായം പറയാൻ എനിക്ക് താൽപര്യമില്ല. അമ്മയ്ക്ക് അമ്മയുടേതായ ഒരുപാട് ഇഷ്ടങ്ങളുണ്ട്. അതിൽ തന്നെ നിൽക്കട്ടെ. അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല,” എന്നും കിച്ചു വ്യക്തമാക്കി.

കൂടാതെ, താൻ പറയുന്ന കാര്യങ്ങൾ പലപ്പോഴും തെറ്റായ രീതിയിൽ എഡിറ്റ് ചെയ്ത് വീഡിയോയാക്കുന്നുവെന്നും, പൂർണമായ മറുപടികൾ ഉൾപ്പെടുത്താതെ ഭാഗങ്ങൾ മാത്രം പ്രചരിപ്പിക്കുന്നതിൽ വിഷമമുണ്ടെന്നും കിച്ചു പറഞ്ഞു. “ഞാൻ എന്റെ ഇഷ്ടം നോക്കി പോകട്ടെ, ദയവായി എന്നെ വെറുതെ വിടൂ,” എന്നും കിച്ചു അഭ്യർത്ഥിച്ചു.

അമ്മ ലണ്ടനിലേക്ക് പോകുകയാണോ എന്ന ചോദ്യത്തിന് കിച്ചു “സത്യമായി പറഞ്ഞാൽ എനിക്കറിയില്ല” എന്നാണ് മറുപടി നൽകിയത്. “ഇത്തരത്തിലുള്ള റീലുകൾ കാണുമ്പോഴാണ് പല കാര്യങ്ങളും ഞാനും അറിയുന്നത്. ചിലപ്പോൾ നിങ്ങൾ അറിഞ്ഞശേഷമായിരിക്കും ഞങ്ങൾക്കും ചില കാര്യങ്ങൾ അറിയുക. എന്നാൽ ആവശ്യമായ കാര്യങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്,” എന്നും കിച്ചു കൂട്ടിച്ചേർത്തു.