സൗത്ത് ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും വേഗത്തിൽ ഉയർന്നു വരുന്ന താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് മമിത ബൈജു. തുടർച്ചയായി സൂപ്പർസ്റ്റാർ ചിത്രങ്ങൾ സ്വന്തമാക്കുന്ന നടിക്ക് തമിഴ്, തെലുങ്ക് സിനിമാലോകങ്ങളിൽ ഇതിനകം തന്നെ ശക്തമായ ആരാധകവൃന്ദം രൂപപ്പെട്ടിട്ടുണ്ട്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ‘ജനനായകൻ’ ട്രെയിലറിന് പിന്നാലെ മമിതയുടെ കരിയർ ഗ്രാഫ് വീണ്ടും കുതിച്ചുയരുകയാണ്.

ജനനായകനിൽ വിജയിയുടെ മകളായി മമിത എത്തുന്നുവെന്നതാണ് ആരാധകരെ ഏറ്റവും കൂടുതൽ ആവേശത്തിലാഴ്ത്തുന്നത്. വിജയിയും മമിതയും ഒരുമിച്ചുള്ള ക്യൂട്ട് കോമ്പിനേഷൻ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി മാറിയിട്ടുണ്ട്. ഈ ചിത്രത്തിന് ശേഷം മമിത നായികയായി എത്തുന്നത് സൂര്യയുടെ സിനിമയിലാണെന്നും, അതിന് പിന്നാലെ ധനുഷിന്റെ ചിത്രത്തിലേക്കും നടി കടക്കുമെന്നുമാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ നിവിൻ പോളിയുടെ നായികയായും മമിത എത്തുന്നുണ്ട്.

തമിഴിലും മലയാളത്തിലും ഒരുപോലെ വിജയക്കൊടി പാറിക്കുകയാണ് മമിത ബൈജു. ‘ഒരു മലയാള കളർപടം’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മമിതയുടെ അഭിനയജീവിതം ആരംഭിക്കുന്നത്. ആദ്യ ഷോർട്ട് ഫിലിമിലൂടെ തന്നെ ശ്രദ്ധ നേടിയ നടി, പിന്നീട് ‘സർവോപരി പാലാക്കാരൻ’ എന്ന ചിത്രത്തിലൂടെ ഫീച്ചർ സിനിമയിലേക്ക് കാലെടുത്തുവച്ചു.

ഹണീബി 2 – സെലിബ്രേഷൻ, ഡാകിനി, കൃഷ്ണം, വരത്തൻ, സ്കൂൾ ഡയറി, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, വികൃതി, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ മമിത സ്ഥിരമായി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ തരുണ്‍ മൂർത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിന് ശേഷമാണ് മമിതയെ സിനിമാലോകം ഗൗരവമായി ശ്രദ്ധിക്കാൻ തുടങ്ങിയത്.

തുടർന്ന് രജിഷ വിജയൻ നായികയായ ‘ഖൊഖൊ’യിൽ ലഭിച്ച ശക്തമായ കഥാപാത്രവും, ‘സൂപ്പർ ശരണ്യ’യിലെ സോന എന്ന കഥാപാത്രവും മമിതയെ കൂടുതൽ പ്രേക്ഷകപ്രിയങ്കരിയാക്കി. പ്രണയം വിലാസം, രാമചന്ദ്രൻ ബോസ് & കോ. എന്നീ ചിത്രങ്ങൾക്കിടയിലാണ് ‘പ്രേമലു’ സംഭവിച്ചത്. ഈ സിനിമയ്ക്ക് ശേഷം മമിതയുടെ കരിയർ കുത്തനെ ഉയരുകയായിരുന്നു. എസ്. എസ്. രാജമൗലി വരെ പ്രശംസിച്ച വളർച്ചയായിരുന്നു അത്.

പ്രേമലുവിന് പിന്നാലെ തമിഴ് സിനിമകളായ റിബൽ, ഡ്യൂഡ് എന്നിവയിലൂടെ മമിത തമിഴകത്ത് ഉറച്ചുനിന്നു. വിജയിയുടെ ജനനായകൻ, ധനുഷിന്റെ D54, സൂര്യ 46 എന്നീ വലിയ പ്രോജക്ടുകൾ നടിയുടെ കൈയ്യിലുണ്ട്. വിഷ്ണു വിശാലിന്റെ ‘ഇൻട്ര് വാനം’ എന്ന ചിത്രത്തിലും മമിത നായികയായെത്തുന്നു.

മലയാളത്തിലും അവസരങ്ങൾ കുറവല്ല. പ്രേമലുവിന് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായാണ് മമിത എത്തുന്നത്.

താരമൂല്യം ഉയരുന്നതിനനുസരിച്ച് പ്രതിഫലവും വർധിക്കുന്നത് സ്വാഭാവികം തന്നെയാണ്. ഒരുസിനിമയ്ക്ക് 15 കോടി രൂപ മമിത വാങ്ങുന്നുവെന്ന തരത്തിൽ നേരത്തെ ഗോസിപ്പുകൾ വന്നിരുന്നെങ്കിലും അത് നടി നിഷേധിച്ചിരുന്നു. നിലവിൽ 50 ലക്ഷം മുതൽ രണ്ട് കോടി രൂപ വരെയാണ് മമിതയുടെ പ്രതിഫലമെന്ന് റിപ്പോർട്ടുകളുണ്ട്. ജനനായകൻ എന്ന ചിത്രത്തിന് മമിത ഒരു കോടി രൂപ പ്രതിഫലം വാങ്ങിയതായും വാർത്തകൾ പറയുന്നു.

എന്നാൽ പ്രതിഫലത്തേക്കാൾ കഥാപാത്രത്തിനും സിനിമയുടെ ഗുണമേന്മയ്ക്കുമാണ് താൻ മുൻതൂക്കം നൽകുന്നതെന്ന് മമിത ബൈജു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഷോർട്ട് ഫിലിമിൽ നിന്ന് തുടങ്ങി ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും ഡിമാൻഡുള്ള നായികകളിലൊരാളായി മാറിയ മമിതയുടെ യാത്ര ഇനിയും ഉയരങ്ങളിലേക്ക് തന്നെയാണെന്ന് ആരാധകർ ഉറപ്പിക്കുന്നു.