അഭിനേത്രി എന്നതിലുപരി ഇന്ന് ലെന ഒരു എഴുത്തുകാരി കൂടിയാണ്. ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് സിനിമയിൽ സജീവമായ സമയത്താണ് ലെന കുറച്ചുകാലം ബ്രേക്ക് എടുത്തത്. എന്നാൽ അത് അഭിനയത്തിൽ നിന്നുള്ള പിന്മാറ്റമല്ല, സിനിമകളുടെ എണ്ണം സ്വാഭാവികമായി കുറച്ചതായിരുന്നു എന്ന് പറയുന്നതാവും ശരി.
ഈ ഇടവേളയ്ക്ക് പിന്നാലെയാണ് ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട ഇന്ത്യൻ എയർഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണനുമായുള്ള ലെനയുടെ വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ലെനയെ സിനിമകളിൽ അധികം കാണാതായതോടെയാണ് നിരവധി ഗോസിപ്പുകൾ പരന്നത്. പ്രശാന്തിനൊപ്പം ലെന അമേരിക്കയിലാണ് താമസിക്കുന്നതെന്നും, അവിടെ സ്ഥിരതാമസം തുടങ്ങിയെന്നും, അഭിനയ രംഗത്ത് നിന്ന് പൂർണ്ണമായി വിട്ടുനിന്നുവെന്നും വരെ വാർത്തകൾ പ്രചരിച്ചു.
ഇതോടെ ലെന ശരിക്കും അഭിനയ ജീവിതം അവസാനിപ്പിച്ചോ, കേരളവും ഇന്ത്യയും വിട്ട് അമേരിക്കയിൽ സെറ്റിൽഡ് ആയോ എന്ന സംശയങ്ങൾ ആരാധകരിലും സിനിമാ ലോകത്തുമുള്ളവരിലും സംശയങ്ങൾ ശക്തമായി ഉയർന്നു. ഇപ്പോഴിതാ ഈ എല്ലാ ആശയക്കുഴപ്പങ്ങൾക്കും വ്യക്തമായ മറുപടിയുമായി ലെന തന്നെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ പോസ്റ്റിൽ ലെന പറയുന്നത് ഇങ്ങനെയാണ്:
അടുത്തിടെ താൻ ശ്രദ്ധിച്ചതായി, അമേരിക്കയിൽ സ്ഥിരതാമസമാക്കിയോ, അഭിനയ രംഗത്ത് നിന്ന് വിട്ടുനിന്നോ എന്ന കാര്യത്തിൽ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും വലിയ ആശയക്കുഴപ്പമുണ്ടായതായി. ഈ സംശയങ്ങൾ തീർക്കുന്നതിനായി തന്നെയാണ് ഈ വിശദീകരണമെന്ന് ലെന കുറിക്കുന്നു. താൻ ഇപ്പോൾ ഇന്ത്യയിൽ തിരിച്ചെത്തിയതായും, കൊച്ചിയിലാണ് താമസിക്കുന്നതെന്നും ലെന വ്യക്തമാക്കുന്നു. അതോടൊപ്പം അഭിനയത്തിലേക്കും വീണ്ടും സജീവമായി തിരിച്ചെത്തിയെന്നും നടി പറയുന്നു.
തന്റെ കം-ബാക്ക് ചിത്രം ‘വലതു വശത്തെ കള്ളൻ’ സംവിധാനം ചെയ്ത ജീത്തു ജോസഫിനോട് ലെന ഹൃദയം നിറഞ്ഞ നന്ദിയും രേഖപ്പെടുത്തി. ചിത്രം ജനുവരി 30-ന് പ്രേക്ഷകരിലേക്ക് എത്തുമെന്നും, ഇതുവരെ ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ലെന തന്റെ കുറിപ്പിലൂടെ അറിയിച്ചു.
ഏകദേശം പത്ത് മാസത്തോളം ലെന ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനോടൊപ്പം അമേരിക്കയിലായിരുന്നു. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതിന് ശേഷം പതിനാലു വർഷത്തോളം സിംഗിള്‍ ലൈഫ് നയിച്ചിരുന്ന ലെനയുടെ ജീവിതത്തിലേക്ക് പ്രശാന്ത് എത്തിയത് ഏറെ യാദൃശ്ചികമായാണ്. ലെന എഴുതിയ ‘ദൈവത്തിന്റെ ആത്മകഥ’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖം കണ്ടാണ് പ്രശാന്ത് ലെനയെ വിളിച്ച് അഭിനന്ദിച്ചത്. ആ സംഭാഷണം പിന്നീട് സൗഹൃദമായി, ഒടുവിൽ വിവാഹത്തിലേക്കും എത്തുകയായിരുന്നു.
ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ നടന്ന സ്വകാര്യ ചടങ്ങിലൂടെയായിരുന്നു വിവാഹം. 2024 ജനുവരി 17-നാണ് ലെനയും പ്രശാന്തും വിവാഹിതരായത്. ഫെബ്രുവരി 17-ന് പ്രധാനമന്ത്രി ഇന്ത്യൻ എയർഫോഴ്‌സ് ഫൈറ്റർ പൈലറ്റായ പ്രശാന്തിന് ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രിക വിംഗുകൾ സമ്മാനിച്ച സന്തോഷ നിമിഷത്തിനൊപ്പമാണ്, പ്രശാന്ത് തന്റെ ഭർത്താവാണെന്ന് ലെന ലോകത്തോട് പങ്കുവച്ചത്.
പ്രശാന്ത് ജീവിതത്തിലേക്ക് വന്നതിന് ശേഷം തന്റെ ജീവിതം കൂടുതൽ അർത്ഥവത്തായതായി ലെന മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ അഭിനയത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവോടെ ലെന വീണ്ടും മലയാള സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ്.