മുഖത്ത് കണ്ണടയും നെറ്റിയിൽ കെട്ടിയ തോർത്ത് മുണ്ടും, പൂർണ്ണമായും ബിഹാറി വേഷത്തിൽ ഒരാൾ; കൈയിൽ ചൂടൻ സമൂസ നിറച്ച ട്രേ. ഇത് ഇന്ത്യയിലെ ഏതെങ്കിലും തെരുവ് കാഴ്ചയല്ല, മറിച്ച് ലണ്ടനിലെ തിരക്കേറിയ ട്രെയിനിൽ നിന്നുള്ളതാണ്. ട്രെയിനിനുള്ളിൽ സമൂസ വിൽക്കുന്ന ഈ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.

വിദേശികൾ പതിവായി കഴിക്കുന്ന ക്രോയിസന്റുകളും ബ്രെഡുകളും ഇനി ഇവിടെ പഴയ കഥയാണെന്ന് ആത്മവിശ്വാസത്തോടെ ഇയാൾ പ്രഖ്യാപിക്കുന്നു. ഇനി എല്ലാവരും ബിഹാറി സമൂസയാണ് കഴിക്കുകയെന്നും ഇയാൾ വിളിച്ചു പറയുന്നു. വീട്ടിൽ തന്നെ തയ്യാറാക്കിയ ചൂടൻ സമൂസകളുമായി ട്രെയിനിൽ കയറി വിൽപ്പന നടത്തുന്നതാണ് വിഡിയോയിൽ കാണുന്നത്. സമൂസയ്‌ക്കൊപ്പം മിന്റ് ചട്ണിയും നൽകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

ഈ വിഡിയോ ഇതുവരെ 10.9 മില്യണിലധികം പേർ കണ്ടുകഴിഞ്ഞു. എന്നാൽ ഇത് യഥാർത്ഥ വിൽപ്പനയല്ല, ഒരു ഇന്ത്യൻ റെസ്റ്റോറന്റിന്റെ പ്രമോഷൻ ഷൂട്ടാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നുവെന്നും കമന്റുകളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഈ വിഡിയോയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ലണ്ടനിലെ ഇന്ത്യക്കാരെ ഇങ്ങനെ നാണംകെടുത്തരുതെന്ന് പറയുന്നവരും, ഇത് എഐ ഉപയോഗിച്ച് സൃഷ്ടിച്ച വിഡിയോ ആകാമെന്ന സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്. മറുവശത്ത്, ഇത് ‘റിവേഴ്സ് കോളനൈസേഷൻ’ ആണെന്നും ബിഹാറി സമൂസ ദുബായിലും പരീക്ഷിക്കാമെന്നും പിന്തുണക്കുന്നവരും കുറവല്ല.

View this post on Instagram

A post shared by Bihari Samosa UK (@biharisamosa.uk)

എന്തായാലും, ലണ്ടൻ ട്രെയിനിലെ ഈ ബിഹാറി സമൂസ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.