ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്ന ഒരു പൊലീസുകാരന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. മധ്യപ്രദേശില്‍ നടന്ന ഒരു പതിവ് വാഹന പരിശോധനയ്ക്കിടെയാണ് ഈ രസകരമായ സംഭവം നടന്നത്. യാത്രികന്‍ നല്‍കിയ അപ്രതീക്ഷിത മറുപടിയാണ് വിഡിയോയെ വൈറലാക്കിയത്.
@vivekanandtiwarithetrafficcop എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്ന വിഡിയോയുടെ തുടക്കത്തില്‍, ഹെല്‍മറ്റില്ലാതെ എത്തിയ ബൈക്ക് യാത്രികനോട് പൊലീസ് ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യുന്നത് കാണാം. ‘എന്തുകൊണ്ടാണ് ഹെല്‍മറ്റ് വയ്ക്കാത്തത്?’ എന്ന ചോദ്യത്തിന് യാത്രികന്‍ നല്‍കിയ മറുപടി എല്ലാവരെയും അമ്പരപ്പിച്ചു. തന്റെ തലയുടെ വലുപ്പത്തിന് ചേരുന്ന ഹെല്‍മറ്റ് എവിടെയും ലഭ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
യാത്രികന്റെ വാക്കുകള്‍ കേട്ട് വിശ്വസിക്കാതിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉടന്‍ ഒരു ഹെല്‍മറ്റ് എടുത്ത് അദ്ദേഹത്തിന് നല്‍കി തലയില്‍ ഇടാന്‍ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ യാത്രികന്‍ ഹെല്‍മറ്റ് ധരിക്കാന്‍ ശ്രമിച്ചെങ്കിലും, തലയുടെ വലുപ്പം കൂടുതലായതിനാല്‍ അത് കയറാന്‍ സാധിച്ചില്ല. ഇത് കണ്ടതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ ചിരി അടക്കാനാകാതെ പൊട്ടിച്ചിരിച്ചു.
തുടര്‍ന്ന്, ഹെല്‍മറ്റ് നിര്‍മാതാക്കള്‍ കൂടുതല്‍ വലുപ്പമുള്ള ഹെല്‍മറ്റുകള്‍ നിര്‍മിക്കണമെന്ന് തമാശയോടെ അഭ്യര്‍ത്ഥിക്കുന്നതും വിഡിയോയില്‍ കാണാം. ഈ ദൃശ്യങ്ങള്‍ വൈറലായതോടെ, പൊലീസുകാരന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. വലിയ തലവലുപ്പമുള്ളവര്‍ക്കായി പ്രത്യേക വലുപ്പത്തിലുള്ള ഹെല്‍മറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.