മഞ്ജു വാര്യരെക്കുറിച്ച് എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച കുറിപ്പിന് മറുപടിയുമായി നടി ശോഭന രംഗത്തെത്തി. ശാരദക്കുട്ടിയുടെ വാക്കുകള്‍ പങ്കുവച്ച ഒരു ഇന്‍സ്റ്റഗ്രാം പേജിന്റെ കമന്റ് സെക്ഷനിലാണ് ശോഭന തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

മഞ്ജുവിനെ പ്രശംസിച്ച് എഴുതിയതായിരുന്നു ശാരദക്കുട്ടിയുടെ കുറിപ്പ്. എന്നാല്‍ അതില്‍ ഉപയോഗിച്ച ‘കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല’ എന്ന പരാമര്‍ശത്തോടാണ് ശോഭന അസമ്മതം പ്രകടിപ്പിച്ചത്. മഞ്ജുവിന് കുടുംബമുണ്ടെന്നതും, അത് പലര്‍ക്കും ലഭിക്കുന്നതിലേറെയാണെന്നും ശോഭന വ്യക്തമാക്കി.

മഞ്ജു ജിക്ക് ഒരു കുടുംബമുണ്ട് – സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും, അതിലുപരി അവളുടെ സിനിമകളിലൂടെ അവള്‍ സൃഷ്ടിച്ച ഒരു പൈതൃകവും. അവള്‍ക്കൊപ്പം നില്‍ക്കുന്ന ആരാധകരുണ്ട്. നീ തകര്‍ത്തു മുന്നേറുക പെണ്ണേ, തടസങ്ങളില്ലാതെ യാത്ര തുടരൂ. കൂട്ടിന് കലയുമൊരു ബൈക്കും മതി. ചേച്ചിക്ക് ഒരുപാട് സ്നേഹം” എന്നായിരുന്നു ശോഭനയുടെ പ്രതികരണം.

ശോഭനയുടെ ഈ വാക്കുകള്‍ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. നിരവധി പേരാണ് കമന്റുകളിലൂടെ മഞ്ജുവിനോടുള്ള സ്നേഹവും പിന്തുണയും രേഖപ്പെടുത്തുന്നത്.

image

അടുത്തിടെ ബൈക്കില്‍ യാത്ര ചെയ്യുന്ന മഞ്ജു വാര്യരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശാരദക്കുട്ടി തന്റെ കുറിപ്പ് പങ്കുവച്ചതും, അതിലെ ചില പരാമര്‍ശങ്ങള്‍ക്കാണ് ശോഭന തുറന്ന നിലപാട് വ്യക്തമാക്കിയതും.

ശാരദക്കുട്ടിയുടെ കുറിപ്പില്‍ മഞ്ജു വാര്യരെ, സാമൂഹിക നിയന്ത്രണങ്ങള്‍ക്കും സദാചാര ചട്ടങ്ങള്‍ക്കും വഴങ്ങാതെ സ്വന്തം വഴിയിലൂടെ മുന്നേറുന്ന സ്ത്രീയായി അവതരിപ്പിച്ചിരുന്നു. കുടുംബം ഇല്ലെങ്കിലും നഷ്ടമില്ലെന്നും, അതിലൂടെ സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന ജീവിതപാഠമാണെന്നും അവര്‍ കുറിപ്പില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആ കാഴ്ചപ്പാടിനാണ് ശോഭന തന്റെ വാക്കുകളിലൂടെ വ്യക്തമായ മറുപടി നല്‍കിയത്.