ബോളിവുഡ് ചിത്രം ‘ധുരന്ദർ’യിലെ ‘FA9LA’ എന്ന അറബിക് ഗാനത്തിലൂടെ ശ്രദ്ധ നേടിയ അക്ഷയ് ഖന്നയുടെ ഡാൻസ് ചുവടുകൾക്ക് മലയാളിത്തനിമ നൽകി കുഞ്ചാക്കോ ബോബൻ. അക്ഷയ് ഖന്നയുടെ സ്റ്റെപ്പുകൾ അനുകരിച്ചാണ് ചാക്കോച്ചൻ ചുവടുവച്ച വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്, നിമിഷങ്ങൾക്കകം തന്നെ അത് ആരാധകരുടെ ഇടയിൽ വൈറലായി.

‘അവധി ദിനങ്ങളിൽ മനംനിറഞ്ഞ് നൃത്തം ചെയ്യുന്നു’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പോസ്റ്റ് ചെയ്തത്. വിഡിയോ പകർത്തിയത് രമേഷ് പിഷാരടി. ഫാഷൻ ഡിസൈനർ മെൽവി ജെ രൂപകൽപ്പന ചെയ്ത സ്റ്റൈലിഷ് വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസും ചേർന്ന ലുക്കിലാണ് ചാക്കോച്ചന്റെ എൻട്രി.

വിഡിയോയ്ക്ക് രമേഷ് പിഷാരടി, ആർ.ജെ മിഥുൻ, അഹാന കൃഷ്ണ, സ്വാസിക വിജയ് എന്നിവരടക്കം നിരവധി താരങ്ങൾ കമന്റ് ചെയ്തു. ആരാധകരുടെ പ്രതികരണങ്ങളും ശ്രദ്ധേയമാണ് — ‘കുഞ്ചാക്കോ ബോബനാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല’, ‘രാവിലെ തന്നെ ഇൻസ്റ്റഗ്രാം കത്തിച്ചു’, ‘ഇന്നും ചോക്ലേറ്റ് ബോയ് തന്നെ’ എന്നിങ്ങനെ.

‘ധുരന്ദർ’ ചിത്രത്തിലെ ‘FA9LA’ ഗാനവും അക്ഷയ് ഖന്നയുടെ തനതായ ഡാൻസ് സ്റ്റൈലും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റാണ്. പാട്ടിലെ രംഗങ്ങളും ചുവടുകളും അനുകരിച്ച് സെലിബ്രിറ്റികളടക്കം പലരും വിഡിയോകൾ പങ്കുവച്ചിരുന്നു. ഫ്ലിപ്പരാച്ചി എന്ന പേരിൽ അറിയപ്പെടുന്ന ഹുസം അസീം കമ്പോസ് ചെയ്ത ഈ അറബിക് ഗാനത്തിന്റെ ചടുലമായ ബീറ്റുകളും വരികളും തന്നെയാണ് അതിന്റെ പ്രധാന ആകർഷണം. അതിനൊപ്പം അക്ഷയ് ഖന്നയുടെ പ്രത്യേക ശൈലിയിലുള്ള ചുവടുകൾ ചേർന്നതോടെ ആരാധകർ പാട്ടിനെ ആവേശത്തോടെ ഏറ്റെടുത്തു.