ചില വാഹനങ്ങൾ വെറും ഗതാഗതസാധനങ്ങൾ മാത്രമല്ല; അവ ജീവിതയാത്രയിലെ വിശ്വസ്ത കൂട്ടുകാരായിരിക്കും. ഒരാളുടെ വളർച്ചയിലും വിജയത്തിലും നിശബ്ദമായി പങ്കുചേർന്ന വസ്തുക്കൾക്ക് പ്രത്യേക സ്ഥാനമുണ്ടാകുന്നത് അതുകൊണ്ടാണ്. അത്തരത്തിലൊരു അപൂർവ ബന്ധത്തിന്റെ കഥയാണ് അംബിക അഗർബത്തീസും ഒരു പഴയ ഷെവർലേ വാനും പറയുന്നത്.

ഇന്ത്യയിലെ പ്രമുഖ അഗർബത്തി–സുഗന്ധദ്രവ്യ ബ്രാൻഡുകളിലൊന്നായ അംബിക അഗർബത്തീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഈ വാനെക്കുറിച്ചുള്ള വിഡിയോ അടുത്തിടെ പങ്കുവച്ചത്. കമ്പനിയുടെ ഉടമ തന്റെ ബിസിനസ് യാത്രയിൽ ഈ വാഹനം വഹിച്ച നിർണായക പങ്ക് ആ വിഡിയോയിൽ തുറന്നു പറയുകയാണ്. ഒരിക്കൽ പോലും ഉപേക്ഷിക്കാതെ, 57 വർഷത്തിലേറെയായി കമ്പനിയോടൊപ്പം നിലനിൽക്കുന്ന വാനോടുള്ള ആദരവാണ് വിഡിയോയിൽ നിറഞ്ഞുനിൽക്കുന്നത്.

ഈ ഷെവർലേ വാൻ തന്റെ ജീവിതത്തിലെ അനവധി ഓർമ്മകളുടെയും അനുഭവങ്ങളുടെയും ഭാഗമാണെന്ന് അദ്ദേഹം പറയുന്നു. ബിസിനസ് ആരംഭിച്ച കാലത്ത്, ആന്ധ്രാപ്രദേശിലുടനീളം യാത്രചെയ്ത് ഓരോ കടകളിലും കയറി ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തിയത് ഈ വാനിലൂടെയായിരുന്നു. 1960-കളുടെ അവസാനഘട്ടത്തിൽ നടന്ന ആ ദീർഘയാത്രകളാണ് അദ്ദേഹത്തെ ഒരു വിജയകരമായ സംരംഭകനാക്കി മാറ്റിയതെന്നും അദ്ദേഹം ഓർമ്മിക്കുന്നു.

അംബിക അഗർബത്തീസിന്റെ ഏറ്റവും ജനപ്രിയ ഉൽപ്പന്നമായ അംബിക ദർബാർ ബത്തി വിപണിയിൽ ഉറപ്പു നേടിയത് ഇത്തരത്തിലുള്ള കഠിനാധ്വാനത്തിലൂടെയായിരുന്നു. മഴയും വെയിലും അവഗണിച്ച് നടന്ന ആ യാത്രകളിൽ എല്ലായ്പ്പോഴും വിശ്വസ്തനായി കൂടെയുണ്ടായിരുന്നത് ഈ വാഹനമായിരുന്നു.

വാനോടുള്ള ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹം വിഡിയോയിൽ സംസാരിക്കുന്നു. കുടുംബത്തിലെ ഒരാൾക്ക് അസുഖം വന്നാൽ ഉണ്ടാകുന്ന അതേ വിഷമം, വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുമ്പോഴും തനിക്കുണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നും ഈ വാൻ അതീവ ശ്രദ്ധയോടെ പരിപാലിക്കപ്പെടുന്നു. എല്ലാ വെള്ളിയാഴ്ചയും ഇതിലൂടെയാണ് ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നത്.

കഴിഞ്ഞ 57 വർഷത്തിലേറെയായി ഈ ഷെവർലേ വാൻ അംബിക അഗർബത്തീസിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ്. അംബികാദേവിയുടെ അനുഗ്രഹത്തിലാണ് തന്റെ കുടുംബവും ബിസിനസും ഈ വാഹനവും മുന്നോട്ടുപോകുന്നതെന്ന വിശ്വാസത്തോടെ അദ്ദേഹം വിഡിയോ അവസാനിപ്പിക്കുന്നു. വരുംതലമുറകൾക്കും ഈ വാനെ ഒരു പൈതൃകമായി സംരക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

വിഡിയോയിൽ കാണുന്നത് ഷെവർലേ 3100 പാനൽ ട്രക്ക് ആണ്. ഒരു പിക്കപ്പ് ട്രക്കിന്റെ പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഈ വാൻ പഴയകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്നു. ആംബുലൻസ്, ഡെലിവറി വാൻ തുടങ്ങിയ ആവശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിച്ചിരുന്ന വാഹനങ്ങളിൽ ഒന്നായിരുന്നു ഇത്.

ഷെവർലേയുടെ ‘അഡ്വാൻസ് ഡിസൈൻ’ പരമ്പരയിലെ 3100 സീരീസിൽപ്പെട്ട ഈ മോഡൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അവതരിപ്പിച്ച ആദ്യത്തെ വലിയ പുനർരൂപകൽപ്പനയായിരുന്നു. കൂടുതൽ സ്ഥലസൗകര്യമുള്ള ക്യാബിനും മെച്ചപ്പെട്ട സുഖസൗകര്യങ്ങളും ഇതിന്റെ പ്രധാന സവിശേഷതകളായി.

വാണിജ്യ ആവശ്യങ്ങൾക്കും ദീർഘയാത്രകൾക്കും ഒരുപോലെ അനുയോജ്യമായ ഈ വാൻ, ഇന്ന് അംബിക അഗർബത്തീസിന്റെ വിജയകഥയുടെ ജീവനുള്ള സാക്ഷ്യമായി തുടരുകയാണ്.