സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ വേദിയിൽ കയറി മധുരസ്വരത്തിൽ പാട്ടുപാടി ശ്രദ്ധേയയായി രേണു സുധി. ‘കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലെ’ എന്ന മനോഹരഗാനമാണ് രേണു ആലപിച്ചത്. കണ്ണൂർ കൂത്തുപറമ്പിൽ നടന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുത്തപ്പോഴായിരുന്നു വേദിയിലെ ഈ പ്രത്യേക മുഹൂർത്തം.
രേണുവിന്റെ ഗാനാലാപനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്. പാട്ടിന് പിന്നാലെ ആരാധകരിൽ നിന്നുള്ള പ്രശംസയും കൈയടിയും ഒഴുകിയെത്തി. “ശബ്ദം അതിമനോഹരം” എന്ന അഭിപ്രായങ്ങളാണ് കമന്റുകളിലുടനീളം നിറയുന്നത്. വിവാഹത്തിൽ എത്തിയ മറ്റ് ഗായകരോടൊപ്പം ചേർന്നും രേണു പാടുന്ന ദൃശ്യങ്ങൾ വിഡിയോയിൽ കാണാം.
2004ൽ പുറത്തിറങ്ങിയ ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ഈ ഗാനം കൈതപ്രത്തിന്റെ വരികൾക്ക് എം. ജയചന്ദ്രൻ സംഗീതം നൽകിയതാണ്. പി. ജയചന്ദ്രനും സുജാതയും ചേർന്ന് ആലപിച്ച ഈ ക്ലാസിക് ഗാനം ഇന്നും അനേകരുടെ പ്രിയപ്പെട്ടതാണ്.
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരമാണ്. അഭിമുഖങ്ങൾ, റീൽ വിഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെ രേണു വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഫോട്ടോഷൂട്ടുകളും ആൽബങ്ങളും ചിലപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും, അതിനൊപ്പം തന്നെ ശക്തമായ ആരാധക പിന്തുണയും താരത്തിനുണ്ട്.