അമ്മയുടെ അഭിനയ പാരമ്പര്യം പിന്തുടർന്ന് സിനിമ ലോകത്തേക്ക് കടന്നുവരുകയാണ് ബിന്തു പണിക്കരുടെ മകൾ കല്യാണി പണിക്കർ. ഷറഫുദ്ദീന്റെ നായികയായി മധുവിധു എന്ന ചിത്രത്തിലൂടെയാണ് കല്യാണി തന്റെ സിനിമ അരങ്ങേറ്റം നടത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും താരം സ്ഥിരമായി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ കല്യാണി പങ്കുവച്ചിരിക്കുന്നത് ഒരു ഇമോഷണൽ കുറിപ്പാണ്. ആദ്യം കേൾക്കുമ്പോൾ ഒരു ബ്രേക്കപ്പായി തോന്നുമെങ്കിലും, ഇത് പ്രണയബന്ധത്തിന്റെ അവസാനം അല്ല. ഏഴ് വർഷമായി സ്വന്തം ജീവിതത്തിന്റെ ഭാഗമായിരുന്ന തന്റെ ആദ്യത്തെ കാറിനോടുള്ള യാത്ര അവസാനിപ്പിക്കുന്നതിനെ കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പാണ് നടി പങ്കുവച്ചത്.
ഏഴ് വർഷങ്ങൾക്ക് മുമ്പ് സ്വന്തമാക്കിയ ചുവന്ന നിറത്തിലുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് (തേഡ് ജനറേഷൻ) കാർ തന്റെ ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും ഒരുപോലെ പങ്കിട്ട കൂട്ടുകാരിയാണെന്ന് കല്യാണി പറയുന്നു. സന്തോഷ നിമിഷങ്ങളിലും മാനസിക തകർച്ചകളിലും ഒരിക്കലും ഒറ്റപ്പെടുത്താതെ കൂടെയുണ്ടായിരുന്ന സാന്നിധ്യമായിരുന്നു ആ കാർ.
“നീ എനിക്ക് ഒരു വാഹനം മാത്രമായിരുന്നില്ല, എന്റെ സ്വാതന്ത്ര്യത്തിന്റെ ആദ്യത്തെ രുചിയും വളർച്ചയിലേക്കുള്ള ആദ്യ ചുവടുമായിരുന്നു. വഴികൾ എങ്ങനെയായാലും, എന്റെ മനസ്സ് ഏത് അവസ്ഥയിലായാലും, നീ എന്നെ ഒരിക്കലും നിരാശപ്പെടുത്തിയില്ല. എന്റെ വിജയങ്ങളും പരാജയങ്ങളും, ശാന്തതയും കലഹവും എല്ലാം നീ സാക്ഷിയായി. ഇന്ന് നിന്നെ വിടാൻ ഞാൻ തയ്യാറാകുന്നത് ആഗ്രഹിച്ചിട്ടല്ല, കാലം അതാവശ്യപ്പെടുന്നതിനാലാണ്. എന്നിരുന്നാലും എന്റെ ഒരു ഭാഗം എന്നും നിന്നോടൊപ്പം യാത്ര ചെയ്യും” – എന്നാണ് കല്യാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
പോസ്റ്റിന് താഴെ ആരാധകർ രസകരമായ കമന്റുകളുമായി എത്തി. “ഇത് പോട്ടെ, ഇനി ഒരു ബെൻസ് വാങ്ങൂ” എന്നതുപോലുള്ള കമന്റുകളും, “ഒന്ന് നഷ്ടപ്പെടുന്നത് അതിലും നല്ലത് വരാനുള്ള വഴിയാണ്” എന്ന് പറയുന്നവരുമുണ്ട്.
സോഷ്യൽ മീഡിയ റീലുകളിലൂടെ അഭിനയത്തോടുള്ള തന്റെ താത്പര്യം വ്യക്തമാക്കിയ കല്യാണി, നല്ലൊരു വേഷം ലഭിച്ചാൽ സിനിമയിലേക്ക് എത്തുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അധികം വൈകാതെ തന്നെ ആ അവസരവും ലഭിച്ചു – മധുവിധു. ഇനി സിനിമയിൽ കൂടുതൽ സജീവമാകാനാണ് കല്യാണിയുടെ പദ്ധതിയെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.