സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ‘കാക്കും വടിവേൽ’ എന്ന ഗാനത്തിന് അതിമനോഹരമായ നൃത്തച്ചുവടുകളുമായി നടി സ്വാസിക വിജയ് വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ശ്രീലങ്കൻ തമിഴ് റാപ്പർ വാഹീസൻ റാസയ്യ ആലപിച്ച ഈ ട്രെൻഡിങ് മുരുകൻ ട്രാക്കിനൊപ്പമാണ് സ്വാസികയുടെ നൃത്തം.

‘മുരുഗാ’ എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് നൃത്തവീഡിയോ താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചത്. മെറൂൺ നിറത്തിലുള്ള കല്യാണി കോട്ടൺ സാരിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട സ്വാസിക, പാട്ടിന്റെ ഓരോ വരിയ്ക്കും ചേർന്ന് അതീവ സൗമ്യമായ ചുവടുകളാണ് അവതരിപ്പിച്ചത്. അമിതമായ ചലനങ്ങളോ ബഹളമോ ഇല്ലാതെ, ഭംഗിയും ശുദ്ധതയും നിറഞ്ഞ നൃത്തമാണ് വീഡിയോയുടെ പ്രത്യേകത.

‘കാക്കും വടിവേൽ’ ട്രെൻഡിൽ നിരവധി റീലുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ടെങ്കിലും, സ്വാസികയുടെ പ്രകടനം കാണുമ്പോൾ കണ്ണെടുക്കാൻ കഴിയുന്നില്ലെന്നാണ് ആരാധകർ കമന്റുകളിൽ പറയുന്നത്. ഈ ട്രെൻഡിൽ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച അവതരണമാണ് ഇതെന്നും, നൃത്തത്തിന്റെ ലാളിത്യവും ഭാവപ്രകടനവും ഹൃദയം കീഴടക്കിയെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.

റീലുകളിലൂടെ വൻ ജനപ്രീതി നേടുന്ന ‘കാക്കും വടിവേൽ’ എന്ന ഗാനം ധരൻ കുമാർ സംഗീതം നൽകിയതാണ്. ‘റാപ്പ് സിലോൺ’ എന്ന മ്യൂസിക് ലേബലിന്റെ സ്ഥാപകനായ വാഹീസൻ റാസയ്യയാണ് ഈ ഗാനത്തിന് ശബ്ദം നൽകിയിരിക്കുന്നത്.

2009ൽ പുറത്തിറങ്ങിയ ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമാരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് 2010ൽ ‘ഫിഡിൽ’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ ‘ഗോരിപാളയം’ എന്ന തമിഴ് ചിത്രത്തിൽ നായികയായും അഭിനയിച്ചു. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായി താരം മാറി.

‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’, ‘പൊറിഞ്ചു മറിയം ജോസ്’, ‘ചതുരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി സ്വാസിക മാറി. സിനിമയ്ക്കുപുറമെ വിവിധ ടെലിവിഷൻ റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമാണ് താരം. ‘വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും സ്വാസികയെ തേടിയെത്തിയിരുന്നു.