നടൻ സിദ്ധാർഥ് പ്രഭു മദ്യലഹരിയിൽ വാഹനം ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ച സംഭവത്തിൽ യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സായ് കൃഷ്ണ പ്രതികരണവുമായി രംഗത്തെത്തി. മദ്യപിച്ച് വാഹനം ഓടിച്ചത് ഗുരുതരമായ തെറ്റാണെന്ന് സമ്മതിച്ച സായ് കൃഷ്ണ, എന്നാൽ അതിന്റെ പേരിൽ സിദ്ധാർഥിനെ കെട്ടിയിട്ടതും കഴുത്തിൽ കയർ മുറുക്കാൻ ശ്രമിച്ചതും ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും തന്റെ വ്ളോഗിലൂടെ വ്യക്തമാക്കി.
“ഈ സംഭവത്തിൽ ആ യുവാവിനോട് എനിക്ക് വലിയ സങ്കടവും സഹതാപവുമാണ് തോന്നിയത്. ഒരു പരിധിവരെ പരിചിതനായ ആളായി മാറിയാൽ, സ്വന്തം പ്രവൃത്തികൾ വഴി റെപ്യൂട്ടേഷൻ നശിപ്പിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തണം. മദ്യപിക്കണമെന്നുണ്ടെങ്കിൽ വീട്ടിൽ പോയി കഴിക്കാം, അല്ലെങ്കിൽ ഒരു റൂം എടുക്കാം, അല്ലെങ്കിൽ മദ്യപിക്കാത്ത ഒരാളെ ഡ്രൈവിങ്ങിന് കൂട്ടിക്കൊണ്ടുപോകാം. ഇത്രയും വഴികൾ ഉണ്ടായിട്ടും, ‘ഞാൻ ഹീറോയാണെന്ന’ ധാരണയിൽ മദ്യപിച്ച ശേഷം വണ്ടിയുമായി റോഡിലിറങ്ങിയാൽ ഇത്തരം അവസ്ഥകൾ ഉണ്ടാകും,” എന്നാണ് സായ് കൃഷ്ണ പറഞ്ഞത്.
സ്വന്തം പ്രവൃത്തികളുടെ ഫലം സിദ്ധാർഥിന് തന്നെ അനുഭവിക്കേണ്ടി വരുമെന്നും, അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും സായ് കൃഷ്ണ കൂട്ടിച്ചേർത്തു. എന്നാൽ സംഭവത്തിന് പിന്നാലെ നാട്ടുകാർ സിദ്ധാർഥിനോട് പെരുമാറിയ രീതി കടുത്ത വിമർശനത്തിന് അർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “കയ്യും കാലും കെട്ടി, കഴുത്തിൽ കയർ ഇട്ട് മുറുക്കാൻ ശ്രമിക്കുന്നത് ഒരിക്കലും ശരിയായ നടപടി അല്ല. മദ്യലഹരിയിലുള്ള ഒരാളുടെ കഴുത്തിൽ കയർ മുറുക്കിയാൽ, അയാൾക്ക് ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു.
ആൾക്കൂട്ടം ഉണ്ടായാൽ ഒരാളെ പിടിച്ചുവെക്കാൻ മറ്റ് മാർഗങ്ങൾ ധാരാളമുണ്ടെന്നും, അതിനായി കത്തി കാണിക്കുകയോ കഴുത്തിൽ കയർ ഇടുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നും സായ് കൃഷ്ണ വ്യക്തമാക്കി. സിദ്ധാർഥിന്റെ പ്രവൃത്തിയിൽ പ്രകോപിതരായാണ് നാട്ടുകാർ ഇത്തരത്തിൽ പെരുമാറിയതെങ്കിലും, കഴുത്തിൽ കയർ മുറുക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം തന്റെ യൂട്യൂബ് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.