ബിഗ് ബോസ് സീസൺ ഏഴിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ മത്സരാർത്ഥികളാണ് അനുമോളും അനീഷും. ഷോയുടെ തുടക്കം മുതൽ തന്നെ ഇരുവരും തമ്മിലുള്ള സൗഹൃദവും വഴക്കുകളും, അതോടൊപ്പം തന്നെ അനീഷ് തുറന്നുപറഞ്ഞ പ്രണയവും പ്രേക്ഷകർ ഏറെ ആസ്വദിച്ച ഘടകങ്ങളായിരുന്നു. തന്റെ മനസ്സിൽ പ്രണയഭാവം ഇല്ലെന്ന് അനു തുറന്നു പറഞ്ഞതും ഈ സീസണിലെ ഏറ്റവും കൂടുതൽ ചർച്ചയായ വിഷയങ്ങളിൽ ഒന്നായി.

വിജയം അനീഷിന് തന്നെയാകുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാൽ ചെറിയ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം അനുമോളിന് ലഭിക്കുകയായിരുന്നു. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായി രണ്ടാം സ്ഥാനം നേടിയ ഒരാൾക്ക് ഇത്രയധികം പിന്തുണയും അവസരങ്ങളും ലഭിച്ചതും ശ്രദ്ധേയമായി. അനീഷിന് പിന്നാലെ നിരവധി ഉദ്ഘാടന ക്ഷണങ്ങളും ഓഫറുകളും എത്തി. ഷോയുടെ സ്പോൺസർ നേരിട്ട് എത്തി ലക്ഷങ്ങൾ സമ്മാനിച്ചതും, മൈജി വീട്ടുപകരണങ്ങൾ സമ്മാനിച്ചതുമെല്ലാം വാർത്തകളായി.

ഇതിന്റെ ഭാഗമായാണ് അനീഷ് തിരുവനന്തപുരത്ത് ഒരു ഉദ്ഘാടന പരിപാടിക്കായി എത്തിയത്. അനുമോളിനൊപ്പം ഒരേ വേദിയിൽ പൊതുജനങ്ങൾക്ക് മുന്നിൽ ആദ്യമായി എത്തുന്ന അവസരമായിരുന്നു അത്. വേദിയിൽ ഇരുവരും ഒരുമിച്ച് നൃത്തം ചെയ്തതും ആരാധകരെ ആവേശത്തിലാഴ്ത്തി. സാധാരണ കുറച്ച് മാത്രം സംസാരിക്കുന്ന അനീഷ്, ആ ദിവസം ഏറെ സന്തോഷവാനായാണ് വേദിയിൽ പ്രത്യക്ഷപ്പെട്ടത്.

ഉദ്ഘാടനത്തിന് ശേഷം അനുവിനോട് കുശലം ചോദിച്ച് സംസാരിക്കുന്ന അനീഷിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. “എങ്ങനത്തെ ഡ്രെസാണ് ഞാൻ എന്റെ ഭാവിവധുവിന് എടുക്കേണ്ടത്? അനുമോളുടെ സജഷൻസ് എനിക്കും കൂടി പറഞ്ഞുതരൂ. ഇത്രയും കളക്ഷനുകളുണ്ട്, പഠിപ്പിച്ചുതരൂ” എന്നാണ് അനീഷ് തമാശയായി ചോദിച്ചത്.

അതേസമയം, “സുപ്രഭാതം രാജകുമാരി” എന്ന് അനീഷ് വിളിക്കുമ്പോൾ “ഞാനാണോ രാജകുമാരി?” എന്ന് അനുമോൾ തിരിച്ചുചോദിക്കുന്നതും വേദിയിലെ രസകരമായ നിമിഷങ്ങളിലൊന്നായി. “ഉറപ്പായും നിങ്ങൾ ഒരു രാജകുമാരി തന്നെയാണ്” എന്ന അനീഷിന്റെ മറുപടിയോടെ ആ സംഭാഷണം ആരാധകർക്ക് വീണ്ടും ചിരിയും സന്തോഷവും സമ്മാനിച്ചു.

ഇരുവരുടെയും ഈ സൗഹൃദ നിമിഷങ്ങൾ ബിഗ് ബോസ് ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി മാറ്റുകയാണ്.